ദുബൈ: രാജ്യത്ത് എണ്ണവില കുത്തനെ വർധിച്ചതോടെ ജീവനക്കാർക്ക് യാത്രാബത്തയും പെട്രോൾപണവും നൽകുന്നതിൽ കമ്പനികൾക്കും ചെലവേറി. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ധവില 75 ശതമാനത്തോളമാണ് വർധിച്ചത്. ഇതിനെ തുടർന്ന് കമ്പനികളിൽ ഇന്ധനച്ചെലവിൽ ജീവനക്കാർക്ക് നൽകേണ്ടിവരുന്ന തുകയിൽ 38 ശതമാനം വരെ വർധനയുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഇത് വരും മാസങ്ങളിൽ വീണ്ടും വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി ഇന്ധനവില ലിറ്ററിന് അര ദിർഹം വീതമാണ് വർധിച്ചത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിനു മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് വിലവർധനയുണ്ടാകുന്നത്. നിലവിൽ പെട്രോളിന് ലിറ്ററിന് 4.63 ദിർഹം വരെ നൽകേണ്ടിവരുന്നുണ്ട്. എല്ലാ മേഖലയിലും ചെലവ് വർധിക്കാൻ ഇന്ധനവിലവർധന കാരണമായിട്ടുണ്ട്.
ജീവനക്കാരിൽ പലരും ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള യാത്രയുടെ ഇന്ധനവിലപോലും മുമ്പ് കാലത്ത് കമ്പനികളിൽനിന്ന് പ്രത്യേകമായി വാങ്ങിയിരുന്നില്ല. എന്നാൽ, പെട്രോൾവില വർധിച്ചതോടെ ഇത്തരം ജീവനക്കാരടക്കം യാത്രാബത്തകൾ കൃത്യമായി കൈപ്പറ്റാൻ ആരംഭിച്ചിരിക്കയാണ്. ഫീൽഡിൽ പോകേണ്ട നിർബന്ധിത സാഹചര്യമുള്ള തൊഴിൽ മേഖലയിലുള്ളവരാണ് ഏറ്റവും കൂടുതൽ ഇതിലൂടെ പ്രയാസപ്പെടുന്നത്. നേരത്തേയുള്ളതിന്റെ ഇരട്ടി ചെലവാണ് ഇത്തരക്കാർക്ക് ഉണ്ടാകുന്നത്.
അതേസമയം, നിത്യച്ചെലവുകൾ വർധിച്ചതോടെ തൊഴിലാളികൾക്ക് ശമ്പളത്തിൽ വർധന വരുത്തേണ്ട നിർബന്ധിതാവസ്ഥയും പല കമ്പനികളും നേരിടുന്നുണ്ട്. ഇത്തരത്തിൽ 10 ശതമാനം വരെ ആനുകൂല്യങ്ങൾ വർധിപ്പിച്ച സ്ഥാപനങ്ങളുമുണ്ട്. മറ്റു ചില കമ്പനികൾ ഇടക്കാല ഇൻക്രിമെന്റുകളും അലവൻസുകളും വർധിപ്പിച്ചാണ് ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം പകരുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെയാണ് ഇന്ധനവിലയിൽ ആഗോളതലത്തിൽ വൻ വർധനയുണ്ടായത്. യുദ്ധം തുടരുന്ന സാഹചര്യത്തിലും പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലും എണ്ണവില കുറയാനുള്ള സാധ്യത വിരളമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.