കുട്ടിക്കാലത്തെ നൂറായിരം മധുരിക്കുന്ന ഓർമകളായാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ എന്നും മനസ്സിൽ കടന്നുവരുക. ഗ്രാമീണ വഴികളും സ്കൂൾ മുറ്റവും വാനിലേക്കുയരുന്ന മൂവർണ പതാകയും അതിനിടയിൽ കാണുന്ന പല മുഖങ്ങളും. അന്ന് അത്ര വലുതല്ലാത്ത ആ ആഘോഷങ്ങൾക്ക് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ വലിയ വലുപ്പം തോന്നുന്നു. കുട്ടിക്കാലത്ത് സ്വാതന്ത്ര്യ ദിനം എന്നാൽ ഞങ്ങൾ കുട്ടികൾക്ക് ആഗസ്റ്റ് 14ന് അർധരാത്രി ഇന്ത്യക്കാർക്ക് ലഭിച്ച നാരങ്ങ മിഠായിയായിരുന്നു.
പിറ്റേന്ന് പുലർച്ച വെള്ളയും മെറൂണും നിറമുള്ള യൂനിഫോമിൽ മുടി രണ്ടായി പിന്നിയിട്ട് സ്കൂളിലേക്കുള്ള യാത്രയിൽനിന്ന് ആരംഭിക്കുന്നു അതിന്റെ മധുരം. സ്കൂൾ മുറ്റത്ത് പതാക ഉയരുമ്പോൾ അസംബ്ലി വരികൾക്കിടയിൽനിന്ന് സല്യൂട്ട് അടിച്ച്, ഭാരതീയരായിരിക്കുന്നതിൽ അഭിമാനിതരായ ആനക്കര ഡയറ്റ്ലാബ് സ്കൂളിലെ ഇളം ഹൃദയങ്ങളായിരുന്ന കുട്ടികളിൽ ഞാനും ഉൾപ്പെട്ടിരുന്നു. സ്കൂൾ കാലത്ത് ദേശഭക്തി ഗാനാലാപനം, സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട പ്രസംഗം, ക്വിസ് മത്സരം എന്നിവയിൽ പങ്കെടുക്കുന്നതും പതിവായിരുന്നു.
എല്ലാം കഴിഞ്ഞ് ചെറു ദേശീയപതാകയുമായി മടങ്ങുമ്പോഴാണ് ഏറെ മധുരമൂറുന്ന കാഴ്ചകളും അനുഭവങ്ങളും. സ്കൂളിന് സമീപം മിഠായികളും മറ്റും വിൽക്കുന്ന ഉമ്മർക്കയുടെ കടയിലേക്കാവും നേരെ പോക്ക്. സ്കൂളിൽ ആഘോഷങ്ങളുണ്ടെങ്കിൽ ഉമ്മർക്ക മിഠായികൾക്കൊപ്പം മറ്റു പലതും എത്തിച്ചിട്ടുണ്ടാകും. ഐസ്, മാങ്ങയും മറ്റു ഉപ്പിലിട്ടവ എന്നിവ അതിൽ പ്രധാനമായിരുന്നു.
മിഠായി മധുരത്തിനൊപ്പം, ഐസിന്റെ തണുപ്പും ഉപ്പിലിട്ടവയുടെ ഉപ്പുരസവും ചവർപ്പും രുചി മുകുളങ്ങളെ ഉത്തേജിപ്പിച്ച കാലം. മലമക്കാവ് സ്കൂളിലാണ് ഒന്നാം ക്ലാസിൽ ചേർന്നതെങ്കിലും രണ്ടിലെത്തിയപ്പോൾ ആനക്കര ഡയറ്റ്ലാബ് സ്കൂളിലേക്ക് മാറി. വീടും സ്കൂളും തമ്മിൽ ഒരു മതിലിന്റെ വേർതിരിവേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്കൂൾ കാഴ്ചകൾ എനിക്ക് വീട്ടുകാഴ്ചകളാണ്.
ആറാം ക്ലാസിൽ വീണ്ടും ഉപ്പയുടെ വീടിനടുത്ത മലമക്കാവ് സ്കൂളിലെത്തിയെങ്കിലും ആ അന്തരീക്ഷം ഉൾക്കൊള്ളാനായില്ല. അത്രമേൽ ഡയറ്റ്ലാബ് സ്കൂളുമായും കൂട്ടുകാരുമായും ഞാൻ അടുത്തുപോയിരുന്നു. നിർത്താതെയുള്ള കരച്ചിലായി ആ അടുപ്പം പുറത്തേക്കൊഴുകി.
പിതാവിന് ഇടപെടാതിരിക്കാൻ കഴിയാതെയുമായി. അതിനൊടുവിൽ മൂന്നു ദിവസത്തെ മലമക്കാവ് സ്കൂൾ വാസം അവസാനിപ്പിച്ച് ഡയറ്റ്ലാബിലേക്ക് തിരികെ പോയി. വീട്ടിൽ നിന്ന് അവിടെ പോയിവരാൻ വലിയ പ്രയാസമായിരുന്നു. ഉപ്പ എനിക്കായി മാത്രം പ്രത്യേകം ഓട്ടോറിക്ഷ ഏർപ്പെടുത്തിയാണ് ആ പ്രശ്നം മറികടന്നത്. പ്ലസ്ടു ക്ലാസുകളിലെത്തിയപ്പോൾ കുമരനല്ലൂർ സ്കൂളിലേക്ക് മാറി.
അപ്പോഴും പഴയ ഓട്ടോ യാത്രകൾ അവസാനിച്ചില്ല. ദേശത്തിന്റെ എഴുത്തുകാരൻ എം.ടി വരച്ചിട്ട നാട്ടുവഴികൾ, കാഴ്ചകൾ ആ യാത്രകളിൽ ഞാൻ നോക്കിക്കണ്ടു. കാസർകോട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ഫാം പഠനത്തിനെത്തിയതോടെ കാഴ്ചകൾ ആകെ മാറി. സ്വാതന്ത്ര്യ ദിനാഘോഷത്തിനും മാറ്റം വന്നു. അവധി ദിനത്തിൽ നാട്ടിലും വീട്ടിലും ഓടി എത്താനായിരുന്നു അന്ന് മോഹം. മംഗലാപുരത്ത് എം.ഫാമിന് ശ്രീദേവി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയപ്പോഴും വലിയ മാറ്റം ഉണ്ടായില്ല.
രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മറ്റൊരു മുഹൂർത്തത്തിൽ നിൽക്കവേ അസത്യങ്ങളുടെ കെട്ടുകഥകളാൽ പാഠപുസ്തകങ്ങൾ നിറയുന്നത് വായിച്ചറിയുന്നു. രാജ്യത്തിന്റെ മനോഹരമായ ബഹുസ്വരതക്കുപകരം ഏകാത്മകതയുടെ ശാസനകളാണെങ്ങും. സ്കൂളുകളിലിപ്പോൾ കുഞ്ഞുങ്ങൾ ആവേശപ്പെടുന്ന സ്വാതന്ത്ര്യ ഗാഥകൾ എന്തായിരിക്കുമെന്ന് ആശ്ചര്യം തോന്നാറുണ്ട്.
അപ്പോഴൊക്കെയും പ്രവാസത്തിന്റെ ഈ ഭൂമികയിൽ നിന്ന് ഞാൻ ഓർമകളുടെ വിമാനം കയറി പഴയ ആനക്കര ഡയറ്റ്ലാബ് സ്കൂളിന്റെ ഇറയത്ത് ചെന്നുനിൽക്കും. ഓർമയിൽ ഒരു മൂവർണക്കൊടി ഉയരും. വെള്ളയും മെറൂണും നിറമുള്ള യൂനിഫോമിൽ മുടി രണ്ടായി പിന്നിയിട്ട ആ പെൺകുട്ടി അപ്പോൾ തനിച്ചായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.