അബൂദബി: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുറപ്പിച്ച് ഇന്ത്യ- ജി.സിസി മന്ത്രിമാരുടെ വിർച്വൽ യോഗം.യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയ്ശങ്കർ, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ്, ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നയാഫ് ഫലാ മുബാറഖ് അൽ ഹജ്റഫ്, കുവൈത്ത്, സൗദി, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ മേഖലകളിലെ സംയുക്ത സഹകരണത്തെക്കുറിച്ചും കോവിഡ് പകർച്ചവ്യാധിമൂലം സാമ്പത്തിക രംഗത്തുൾപ്പെടെ അനുഭവപ്പെടുന്ന വെല്ലുവിളികളെ നേരിടുന്നതിനും കോവിഡ് പകർച്ചവ്യാധിയെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഏകോപനം സംബന്ധിച്ചും അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് സംസാരിച്ചു.
അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയുടെ പങ്ക്, ഇന്ത്യയുടെ ചരിത്രപരമായ പ്രാധാന്യം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യപരവും സാമൂഹികവുമായ ബന്ധങ്ങൾ, ഗൾഫ് ഇന്ത്യൻ ബന്ധങ്ങളുടെ ആഴം, വിവിധ രീതികളിൽ ഈ ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ പ്രാധാന്യം എന്നിവ സംബന്ധിച്ചും ഗർഗാഷ് ഓർമിപ്പിച്ചു. നിക്ഷേപം, ടൂറിസം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, വ്യവസായികം, പരിസ്ഥിതി, ആരോഗ്യം, ബഹിരാകാശ മേഖല എന്നിവയിലും ഇന്ത്യയുടെ സഹകരണത്തിെൻറ ആവശ്യകതയും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ പ്രത്യേകിച്ച് സംഘർഷ മേഖലകളിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന പങ്കാളിയായാണ് ജി.സി.സി രാജ്യങ്ങൾ ഇന്ത്യയെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കുന്നതിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ ശ്രമങ്ങളെയും ഗർഗാഷ് പ്രശംസിച്ചു. ഇന്ത്യ- ജി.സി.സി ബന്ധം ഏറ്റവും മികച്ച നിലയിലാണെന്ന് കേന്ദ്ര മന്ത്രി ജയ്ശങ്കർ പറഞ്ഞു.കോവിഡ് -19 മഹാമാരിയുടെ സമയത്ത് ജി.സി.സി രാജ്യങ്ങൾ ഇന്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനും പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.