ദുബൈ: ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (ജി.ജെ.സി) സെപ്റ്റംബർ 22 മുതൽ 25 വരെ മുംബൈയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോക്ക് മുന്നോടിയായി ദുബൈയിൽ റോഡ് ഷോ സംഘടിപ്പിക്കും. ശനിയാഴ്ച വൈകീട്ട് ഗ്രാൻഡ് ഹയാത് ഹോട്ടലിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈയിലെ സ്വർണ വ്യാപാരികളെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണാഭരണ പ്രദർശനത്തിലേക്ക് ക്ഷണിക്കുന്നതിനു വേണ്ടിയാണ് റോഡ് ഷോ.
2022 മേയിൽ നടന്ന ആദ്യ പതിപ്പ് വൻ വിജയമായിരുന്നു. ഇന്ത്യൻ രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന വിപണിയാണ് മിഡിൽ ഈസ്റ്റ്. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സി.ഇ.പി.എ) ശേഷം ബിസിനസിന്‍റെ വ്യാപ്തി വർധിച്ചു. ഇതോടെ യു.എ.ഇ.യിൽനിന്ന് ഇന്ത്യക്ക് 120 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യാൻ കഴിയുന്നു. ഇത് അഞ്ചു വർഷത്തിനുള്ളിൽ 200 ടണ്ണായി വർധിക്കും. ഇന്ത്യയിൽ സ്വർണ ഇറക്കുമതിക്ക് തീരുവ വർധിപ്പിച്ചത് സ്വർണക്കടത്ത് വ്യാപകമാക്കാൻ ഇടയാക്കും. വർധിപ്പിച്ച തീരുവ കുറക്കണം. 2,00,000 ചതുരശ്രയടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ജെം ആൻഡ് ജ്വല്ലറി ഷോയിൽ 450ഓളം എക്സിബിറ്ററുകൾ ഉണ്ട്. 15,000ത്തിലേറെ പേർ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ജി.ജെ.സി വൈസ് ചെയർമാൻ സയ്യാം മെഹ്റ, ജി.ജെ.സി ഡയറക്ടർമാരായ സഞ്ജയ് അഗർവാൾ, അഡ്വ. എസ്. അബ്ദുൽ നാസർ, യു.എ.ഇ കേരള ഫോറം പ്രസിഡന്‍റ് മുനീർ തങ്ങൾ, ധയം മേത്ത എന്നിവർ പങ്കെടുത്തു. സ്വർണ നിർമാതാക്കൾ, മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ, വിതരണക്കാർ, ലബോറട്ടറികൾ, ജെമോളജിസ്റ്റുകൾ, ഡിസൈനർമാർ, ആഭ്യന്തര രത്നങ്ങൾ, ആഭരണ വ്യവസായത്തിലേക്കുള്ള അനുബന്ധ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വ്യാപാരികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് ജി.ജെ.സി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.