ദുബൈ: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഇന്ന് വീണ്ടും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുണ്ടുമ്പോൾ ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണും കാതും ദുബൈ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. ഒരാഴ്ച മുൻപ് നടന്ന ആദ്യ റൗണ്ട് മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരിന്‍റെ തുടർച്ചയാണ് ആരാധകർ ഇന്നും പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തിന്‍റേതിന് സമാനമായി ഇന്നും ഗാലറി നിറയും. ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റഴിഞ്ഞിരുന്നു. ഒരുപക്ഷെ, ഫൈനലിലും ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം വരാൻ സാധ്യതയുള്ളതിനാൽ കലാശപ്പോരിന് മുൻപുള്ള ട്രയലായാണ് ഈ മത്സരം കണക്കാക്കുന്നത്.
30,000 ശേഷിയുള്ള ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ ഗാലറി നിറച്ചാണ് കഴിഞ്ഞ മത്സരം നടന്നത്. പാകിസ്താനികളേക്കാൾ കൂടുതൽ ഇന്ത്യക്കാരായിരുന്നു ഗാലറി കൈയടക്കിയത്. ആവേശത്തോടെയെത്തിയവർക്ക് നിരാശരായി മടങ്ങേണ്ടി വന്നില്ല. ട്വന്‍റി 20യുടെ എല്ലാ ആവേശവും പകർന്ന് നൽകിയ മത്സരത്തിൽ ചങ്കിടിപ്പോടെയിരുന്ന ഇന്ത്യൻ ഫാൻസിേൻതായിരുന്നു അവസാന ചിരി. സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റ് തുറന്നത് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണെങ്കിലും രാവിലെ മുതൽ ഇന്ത്യയുടെയും പാകിസ്താന്‍റെയും പതാകയുമായി ആരാധകർ സ്റ്റേഡിയത്തിന്‍റെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. പൊള്ളുന്ന വെയിലിനിടയിലും ആവേശം ചോരാതെ അവർ ഗേറ്റ് തുറക്കുന്നതും കാത്ത് പുറത്ത് നിലയുറപ്പിച്ചു. സ്റ്റേഡിയത്തിന് സമീപമെത്തിയവർക്ക് പോലും ഗതാഗതക്കുരുക്ക് മൂലം രണ്ട് മണിക്കൂർ വേണ്ടി വന്നു സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ. മത്സരം തുടങ്ങിക്കഴിഞ്ഞും കാണികൾ ഗാലറിയിലെക്ക് എത്തിക്കൊണ്ടിരുന്നു.
ഇന്ത്യ-പാകിസ്താൻ രാജ്യങ്ങളിൽ നിന്നുള്ളവർ മാത്രമല്ല, നിരവധി വിദേശികളും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് അപൂർവമായി മാത്രം സംഭവിക്കുന്ന മത്സരമായി ഇന്ത്യ-പാകിസ്താൻ ടൂർണമെന്‍റ് മാറിയതിനാൽ കിട്ടിയ അവസരം മുതലാക്കി പരമാവധി ആളുകൾ സ്റ്റേഡിയത്തിലെത്തി. സെപ്റ്റംബർ നാലിലെ മത്സരവും ഇന്ത്യയും പാകിസ്താനും തമ്മിലാകുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ രണ്ട് ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഈ ഗ്രൂപ്പിലെ മൂന്നാം ടീം ഹോങ്കോങായിരുന്നു. മികച്ച കളി കെട്ടഴിച്ചാണ് ഹോങ്കോങിനെ മറികടന്ന് ഇന്ത്യയും പാകിസ്താനും യോഗ്യത നേടിയത്.
ഇവ ശ്രദ്ധിക്കാം
കഴിഞ്ഞ മത്സരത്തിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി സ്റ്റേഡിയത്തിലേക്ക് നേരത്തെ എത്തുന്നത് നല്ലതായിരിക്കും. ആദ്യ മത്സരത്തിൽ അഞ്ച് മണിക്ക് സ്റ്റേഡിത്തിനടുത്ത് എത്തിയവർക്ക് പോലും കൃത്യസമയത്ത് ഉള്ളിൽ കയറാൻ കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയത്തിൽ നിന്ന് വളരെ അകലെയായിരിക്കും പാർക്കിങ് ലഭിക്കുക. മൂന്ന് മണിയോടെ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തുറക്കും. ഈ സമയം മുതൽ ഗാലറിയിലേക്ക് പ്രവേശനമുണ്ടാകും. ടാക്സി വിളിച്ച് വരാതിരിക്കുന്നതാണ് ഉചിതം. ഗതാഗതക്കുരുക്കിൽ തന്നെ വെയിറ്റിങ് ചാർജായി നല്ലൊരു തുക നഷ്ടമാകും. മത്സരം കഴിഞ്ഞ് ഇറങ്ങിയ ഉടൻ ടാക്സി വിളിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.
സ്വന്തം വാഹനത്തിൽ വരുന്നവർ ടിക്കറ്റ് കൈയിൽ കരുതണം. ടിക്കറ്റില്ലെങ്കിൽ വാഹനം സ്റ്റേഡിയത്തിലെ പാർക്കിങ്ങിലേക്ക് കയറ്റിവിടില്ല. ഒരു വാഹനത്തിൽ തന്നെ മൂന്ന് പേർ എങ്കിലും വീതം വരുന്നതായിരിക്കും ഉചിതം. കരിഞ്ചന്ത ടിക്കറ്റുമായി സമീപിക്കുന്നവരെ വിശ്വസിക്കരുത്. ഈ ടിക്കറ്റുമായി ഉള്ളിൽ കയറാൻ കഴിയുമെന്ന് ഉറപ്പില്ലെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പവർ ബാങ്ക്, സെൽഫി സ്റ്റിക്ക് പോലുള്ളവ കൈയിലുണ്ടെങ്കിൽ വാഹനത്തിൽ വെച്ചിട്ട് വേണം സ്റ്റേഡിയത്തിലേക്ക് പോകാൻ. ഗാലറിയിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നീട് പുറത്തിറങ്ങരുത്, തിരിച്ചു കയറ്റില്ല. പുറത്തുനിന്നുള്ള ഭക്ഷണവും വെള്ളവും അനുവദിക്കില്ല. സ്റ്റേഡിയത്തിനുള്ളിൽ നിന്ന് വാങ്ങേണ്ടി വരും. നേരത്തെ സ്റ്റേഡിയത്തിൽ കയറിയിൽ ഉചിതമായ സീറ്റ് പിടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.