ദുബൈ: 14ാമത് ഇന്ത്യ-യു.എ.ഇ ജോയന്‍റ് കമീഷൻ മീറ്റിങ്ങിലും മൂന്നാമത് സ്ട്രാറ്റജിക് ഡയലോഗിലും പങ്കെടുക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ ബുധനാഴ്ചയെത്തും. ത്രിദിന സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണത്തിന്‍റെ വിവിധ തലങ്ങൾ ചർച്ചയാകും.
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായും കൂടിക്കാഴ്ച നടത്തും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചശേഷം ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാർ. ഇതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾ എസ്. ജയ്ശങ്കറിന്‍റെ സന്ദർശനത്തിലുണ്ടാകും.
തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, ഫർണിച്ചർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിക്കാനും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിതുറന്നതാണ് കരാർ എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിലൂടെ അഞ്ചുവർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് വിദഗ്ധർ കണക്കാക്കുന്നത്.
സമഗ്ര സാമ്പത്തിക കരാറിന്‍റെ ഇതുവരെയുള്ള പുരോഗതി സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി വിലയിരുത്തുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മറ്റു ആഗോള, പ്രാദേശിക സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. രണ്ടാമത്തെ കയറ്റുമതി ഇടവുമാണ്. യു.എ.ഇയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരുമാണ് യു.എ.ഇ. ഇന്ത്യൻ കമ്പനികൾക്ക് യു.എ.ഇയിൽ 8500 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.