ദുബൈ: ഇന്ത്യ-യു.എ.ഇ എണ്ണയിതര വ്യാപാരം 2030ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് സെപ കൗൺസിൽ ഡയറക്ടർ അഹ്മദ് അൽജെനൈബി. 2022ൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചശേഷം ഇന്ത്യയുമായുള്ള യു.എ.ഇയുടെ എണ്ണയിതര വ്യാപാരം 16 ശതമാനം വർധിച്ച് 5000 കോടി ഡോളറിലെത്തി.
2030ഓടെ ഇത് 10,000 കോടി ഡോളറായി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ)യുമായി സഹകരിച്ച് ഇന്ത്യ-യു.എ.ഇ സെപ കൗൺസിൽ (യു.ഐ.സി.സി) ചെന്നൈയിൽ നടത്തിയ ബിസിനസ് ചർച്ചയിൽ പങ്കെടുക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ, പ്രത്യേകിച്ച് ചെന്നൈയിലെ വ്യവസായ സമൂഹത്തെ ഉഭയകക്ഷി കരാറിന്റെ നേട്ടങ്ങൾ ബോധ്യപ്പെടുത്തി വാണിജ്യ രംഗം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സെപ കൗൺസിൽ ലക്ഷ്യമിടുന്നത്.
ഇതിന്റെ ആദ്യ ചർച്ചയാണ് ചെന്നൈയിൽ നടന്നത്. സമാന രീതിയിൽ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലും ഇത്തരം കൂടിക്കാഴ്ചകളും ചർച്ചകളും സംഘടിപ്പിക്കാനാണ് തീരുമാനം. ഇന്ത്യയിലെ ഓരോ നഗരങ്ങൾക്കും വ്യവസായ രംഗത്ത് ഓരോ പ്രത്യേകതകളുണ്ടാവും. അത് കണ്ടെത്തുകയും വ്യവസായികളെ അതിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ നിരവധി വ്യവസായികൾ അവരുടെ ബിസിനസ് യു.എ.ഇയിലേക്ക് വ്യാപിപ്പിക്കാൻ താൽപര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ലോജിസ്റ്റിക്സ്, ഓട്ടോമോട്ടിവ്, ആരോഗ്യസുരക്ഷ, കാർഷികം തുടങ്ങിയ മേഖലകളിൽ നിന്ന് 20ലധികം പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.