ഇന്ത്യ-യു.എ.ഇ വാണിജ്യ കരാർ നിലവിൽ വന്നു: ഇറക്കുമതിച്ചുങ്കമില്ലാത്ത ചരക്ക് നീക്കം പെരുന്നാളിന് ശേഷം

ദുബൈ: ഇന്ത്യ യു.എ.ഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഞായറാഴ്ച നിലവിൽ വന്നു. പുതിയ കരാർ പ്രകാരം ഇറക്കുമതിച്ചുങ്കമില്ലാത്ത ചരക്ക് നീക്കം പെരുന്നാളിന് ശേഷം ആരംഭിക്കുമെന്നാണ് സൂചന. ഇരുരാജ്യങ്ങളിലെയും ബിസിനസ് മേഖലക്ക് ഏറെ സഹായകരമാകുന്ന കരാറാണിത്.

മാർച്ചിലാണ് ഇന്ത്യയും യു.എ.ഇയും സി.ഇ.പി.എ ഒപ്പുവെച്ചത്. നിശ്ചിത ഉൽപ്പന്നങ്ങൾക്ക് ഇരുരാജ്യങ്ങളിലേക്കും അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഒഴിവാകുമെന്നതാണ് കരാറിലെ ഏറ്റവും വലിയ ഗുണം. കേരളത്തിൽ നിന്നടക്കമുള്ള സംരംഭകർക്ക് ഏറെ ഗുണം ചെയ്യുന്ന നടപടിയാണിത്. കേരളത്തിൽ നിർമിക്കുന്ന നിരവധി ഉൽപന്നങ്ങൾ യു.എ.ഇയിലെ സൂപ്പർമാർക്കറ്റുകളിലും ചെറിയ സ്ഥാപനങ്ങളിലും വിൽപനക്കെത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കുന്നതോടെ വാണിജ്യ ഇടപാടുകൾ വർധിക്കുകയും ലാഭം കൂടുകയും വില കുറയുകയും ചെയ്യും. ഇന്ത്യയിൽ നിന്ന് യു.എ.ഇയിൽ എത്തിച്ച ശേഷം ആഫ്രിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റി അയക്കുന്ന ഉൽപന്നങ്ങളുണ്ട്. ഇവക്കും പുതിയ കരാർ ഗുണം ചെയ്യും. യു.എ.ഇയിൽ വിൽപന വർധിക്കുന്നതോടെ ഇന്ത്യയിൽ ഉദ്പാദനം കൂടും. ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോൺ, ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, ആഭരണം, കായിക ഉപകരണങ്ങൾ, മരുന്ന്, ചികിത്സ ഉപകരണം, കൃഷി ഉൽപന്നങ്ങൾ, മത്സ്യം തുടങ്ങിയവക്കെല്ലാം അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും. നിലവിൽ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപന്നങ്ങൾക്കും ഇളവ് ലഭിക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. അടുത്ത 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങളെയും കസ്റ്റംസ് തിരുവയിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് വർഷത്തിൽ 26 ശതകോടി ഡോളറിന്‍റെ വസ്തുക്കളാണ് കയറ്റി അയക്കുന്നത്. യു.എ.ഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യയിലും നികുതി ഇളവ് ലഭിക്കും. ഈത്തപ്പഴം, പെട്രോളിയം ഉൽപന്നങ്ങൾ, പെട്രോകെമിക്കൽസ്, അലുമിനിയം, ഇരുമ്പ്, നിക്കൽ, കോപ്പർ, സ്റ്റീൽ, സിമന്‍റ് തുടങ്ങിയവ ഈ പട്ടികയിൽ ഉൾപെടുന്നു. അടുത്ത 5-10 വർഷത്തിനുള്ളിൽ എല്ലാ ഉൽപന്നങ്ങൾക്കും ഇളവ് നൽകാനാണ് ശ്രമം. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വാർഷിക വ്യാപാര ഇടപാട് 60 ശതകോടി ഡോളറാണ്. അഞ്ച് വർഷത്തിനുള്ളിൽ ഇത് 100 ശതകോടി ഡോളറിലേക്ക് എത്തിക്കുകയാണ് കരാറിന്‍റെ ലക്ഷ്യം.

Tags:    
News Summary - India-UAE trade pact enters into force: Import duty-free movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 02:26 GMT