അബൂദബി: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതാണ് അബൂദബിയിലെ ഹിന്ദുക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. കഴിഞ്ഞ മാസം മോദി ഉദ്ഘാടനംചെയ്ത പശ്ചിമേഷ്യയിലെ ആദ്യ ശിലാക്ഷേത്രത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ സ്വാമി ബ്രഹ്മവിഹാരിദാസ് പ്രധാനമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രശംസ അറിയിച്ചത്.
യു.എ.ഇ ഭരണാധികാരികളുടെ പിന്തുണക്കും സഹായത്തിനും നന്ദിയറിയിച്ച മോദി, സ്വാമിമാരെയും സന്നദ്ധപ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തതായി ക്ഷേത്ര ഭാരവാഹികൾ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. പദ്ധതിയുടെ മേൽനോട്ടം വഹിച്ചതിന് സ്വാമി ബ്രഹ്മവിഹാരിദാസ് മോദിയോട് നന്ദി പറഞ്ഞു. ക്ഷേത്രം ഉദ്ഘാടനംചെയ്തത് മുതലുള്ള സംക്ഷിപ്ത വിവരണവും സമുദായാംഗങ്ങളിലെ സ്വാധീനവും അദ്ദേഹം വിശദീകരിച്ചു. ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചതുമുതൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ആയിരക്കണക്കിന് സന്ദർശകർ ദിവസവും ക്ഷേത്രത്തിലെത്തുന്നുണ്ട്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് ആല് നഹ്യാൻ സമ്മാനിച്ച ഭൂമിയിൽ 13.5 ഹെക്ടറിലാണ് ക്ഷേത്രം നിലകൊള്ളുന്നത്. 2018ൽ ശിലയിട്ട ക്ഷേത്രം ആറു വർഷംകൊണ്ടാണ് പൂർത്തീകരിച്ചത്. യു.എ.ഇയിലെ ഏഴു എമിറേറ്റുകളുടെ പ്രതീകമായി ക്ഷേത്രത്തിന് ഏഴ് ഗോപുരങ്ങളും നിർമിച്ചിട്ടുണ്ട്.
32 മീറ്ററാണ് ക്ഷേത്രത്തിന്റെ ഉയരം. 8,000ത്തിനും 10,000ത്തിനും ഇടയിൽ വിശ്വാസികളെ ഉൾക്കൊള്ളാവുന്ന രീതിയിൽ അതിവിശാലമായാണ് ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.