അബൂദബി: വെസ്റ്റ് ബനിയാസിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ 450ലധികം വിദ്യാർഥികൾ രൂപകൽപന ചെയ്ത ലോകത്തിലെ ഏറ്റവും വലിയ മെഡൽ നിർമിച്ച് ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കി. സ്റ്റീലിൽ രൂപകൽപന ചെയ്ത മെഡലിന് ഏകദേശം 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റർ വിസ്തൃതിയുമാണുള്ളത്. ഈ വർഷം ആദ്യത്തിൽ അബൂദബിയിൽ സ്ഥാപിച്ച 68.5 കിലോഗ്രാം ഭാരവും 2.56 ചതുരശ്ര മീറ്റർ വിസ്തൃതിയുമുള്ള മുൻ റെക്കോഡിനെ മറികടന്നാണ് ശനിയാഴ്ച ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പുതിയ മെഡൽ ഗിന്നസ് വേൾഡ് റെക്കോഡ് കരസ്ഥമാക്കിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്ച രാവിലെ സ്കൂളിലെ പ്രധാന ലോബിയിൽ പ്രദർശിപ്പിച്ചാണ് മെഡൽ ഗിന്നസ് അധികൃതർ അളന്നത്. സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെനോ കുര്യെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജീവനക്കാർ, സ്കൂൾ മാനേജിങ് ഡയറക്ടർ മുനീർ അൻസാരി എന്നിവർ പരിപാടിയിൽ പങ്കാളികളായി. ഒബൈദ് അൽ കെത്ബി നേടിയ ഗിന്നസ് റെക്കോഡിനെ പുതിയ മെഡൽ മറികടന്നതായി ഗിന്നസ് പ്രതിനിധി കാൻസി എൽ. ഡിഫ്രാവി പ്രഖ്യാപിച്ചു. നീണ്ട ഹർഷാരവത്തോടെയാണ് സ്കൂളിലെ വിദ്യാർഥികളും ജീവനക്കാരും പ്രയത്നത്തിനു ലഭിച്ച അംഗീകാര പ്രഖ്യാപനത്തെ സ്വീകരിച്ചത്.
യു.എ.ഇയുടെ സുവർണജൂബിലി വർഷത്തിൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിെൻറ അഞ്ചാം വാർഷികമാണ്. യു.എ.ഇയുടെ മികച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന മെഡൽ സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. ബെനോ കുര്യൻ ചൂണ്ടിക്കാട്ടി. യു.എ.ഇയുടെ ദേശീയ പതാക, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, അഡ്നോക് ആസ്ഥാന മന്ദിരം, ബുർജ് ഖലീഫ എന്നീ ലാൻഡ് മാർക്കുകളും മെഡലിെൻറ ഭാഗമായി. വിദ്യാർഥികളുടെ കഠിനാധ്വാനത്തിെൻറ ഫലമാണ് ഏറ്റവും വലിയ മെഡൽ നിർമിക്കാൻ സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡൽ രൂപകൽപനക്ക് കഴിഞ്ഞതിൽ വളരെ അഭിമാനിക്കുന്നതായി സ്കൂൾ ഹെഡ് ബോയ് ഹിഷാം മുഹമ്മദ് ഗുലാമും ഹെഡ് ഗേൾ ഇഷ മിശ്രയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.