റാസല്‍ഖൈമ: തലക്കുമുകളിൽ മരണം വട്ടമിട്ടുപറക്കുമ്പോൾ ആശങ്കയുടെ ആഴക്കടലിൽ 'സുമി'യിലെ ഇന്ത്യൻ വിദ്യാർഥികൾ. റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തിന്റെ ആദ്യഘട്ടം മുതല്‍ മാധ്യമങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, നയതന്ത്ര കേന്ദ്രങ്ങള്‍, എം.പിമാര്‍ തുടങ്ങിയവരോടെല്ലാം കേണപേക്ഷിച്ചിട്ടും തന്റെ മകള്‍ ഉള്‍പ്പെടെ 500ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സുമിയില്‍ നേരിടുന്ന പ്രയാസം വിവരണാതീതമാണെന്ന് സുമി സ്റ്റേറ്റ് സര്‍വകലാശാല മെഡിസിന് വിദ്യാര്‍ഥിനിയുടെ പിതാവ് യു.എ.ഇയിലുള്ള തൃശൂര്‍ സ്വദേശി അബ്ദുല്‍നാസര്‍. ഭക്ഷണത്തിനും വെള്ളത്തിനും വരെ ബുദ്ധിമുട്ടുകയാണ്.
വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിയുന്നത് മാത്രമാണ് ആശ്വാസം. സര്‍വകലാശാല ജീവനക്കാര്‍ നല്കുന്ന ഉപദേശങ്ങള്‍ വിദ്യാര്‍ഥികളുടെ മനോനില തകരാതിരിക്കാന്‍ സഹായിക്കുന്നുണ്ട്. ഏത് സമയവും പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെടുമെന്നത് ആശങ്കപ്പെടുത്തുന്നതാണ്. പോളണ്ട്, ഹംഗറി, റുമേനിയ തുടങ്ങിയ രാജ്യാതിര്‍ത്തികളില്‍ എത്തണമെങ്കില്‍ സുമിയില്‍നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ യാത്ര ചെയ്യണം.
ആദ്യ ഘട്ടത്തില്‍ തന്നെ റെയില്‍-റോഡ് പാതകള്‍ റഷ്യന്‍ സൈന്യം തകര്‍ത്തതോടെ സുമിയിലുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ കുടുങ്ങുകയായിരുന്നു. രാഷ്ട്രത്തലവന്മാര് തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണങ്ങളിലും ചര്‍ച്ചകളിലുമായിരുന്നു ഏക പ്രതീക്ഷ. ഇനിയും പ്രായോഗിക നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്നത് ആശങ്കയുളവാക്കുന്നൂവെന്നും നാസര്‍ അഭിപ്രായപ്പെടുന്നു. ദേശീയ-പ്രാദേശിക മാധ്യമങ്ങളിലൂടെ സുമിയില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ സഹായഭ്യര്‍ഥനകൾ വരുന്നുണ്ട്. തങ്ങളുടെ ജീവന് അപകടത്തിലാണ് എങ്ങനെയും രക്ഷപ്പെടുത്തണമെന്നാണ് ടി.വി ചാനലിലൂടെ ഒരു വിദ്യാര്‍ഥിയുടെ പ്രതികരണം.
തങ്ങളെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണം. യുദ്ധക്കെടുതികള്‍ക്കൊപ്പം പ്രതികൂല കാലാവസ്ഥയും തങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുകയാണെന്ന പ്രതികരണങ്ങള്‍ മലയാളം ടി.വി ചാനലുകളിലൂടെ വിദ്യാര്‍ഥികള്‍ നടത്തുന്നുണ്ട്. ഇതിനിടെ സുമിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ റഷ്യ ബസുകള്‍ ഏര്‍പ്പെടുത്തുന്നുവെന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്കുമ്പോഴും ഇതേക്കുറിച്ച വിവരം വെള്ളിയാഴ്ച രാത്രി വൈകിയും പ്രതിസന്ധിയില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാത്തത് നിരാശയുളവാക്കുന്നു.
ഇടിഞ്ഞുതാണ് ഇന്ത്യൻ രൂപ
ദുബൈ: യുക്രെയ്നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ഇടിഞ്ഞുതാണ് ഇന്ത്യൻ രൂപ. ശനിയാഴ്ച ഒരു ദിർഹമിന് 20.81 രൂപയാണ് വിനിമയ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കായ 20.84ന് അടുത്തെത്തിനിൽക്കുകയാണ് ഇന്ത്യൻ രൂപ. വിവിധ ബാങ്കുകൾ വഴി പണം അയച്ചവർക്ക് 20.65 രൂപ വരെ ഒരു ദിർഹമിന് ലഭിച്ചു. പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ പരമാവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചു. എക്സ്ചേഞ്ചുകളിൽ പണം അയക്കാൻ തിരക്കേറിയതായും എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ഈവർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം ഡിസംബറിൽ 20.75 രൂപയിൽ എത്തിയിരുന്നു. സർക്കാറും റിസർവ് ബാങ്കും ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട്.
യുക്രെയ്നിലെ മനുഷ്യാവകാശ സംരക്ഷണം
ദുബൈ: യുക്രെയ്നിലെ മനുഷ്യാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി യു.എ.ഇ വോട്ട് ചെയ്തു. യുക്രെയ്നിൽ സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയത്തിനെ അനുകൂലിച്ചതിന് പിന്നാലെയാണ് യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ ശനിയാഴ്ചത്തെ പ്രമേയത്തെയും അനുകൂലിച്ച് വോട്ട് ചെയ്തത്. 32 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചപ്പോൾ രണ്ട് അംഗങ്ങൾ എതിർത്ത് വോട്ടുചെയ്തു.
13 രാജ്യങ്ങൾ വിട്ടുനിന്നു. മറ്റൊരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനോ സമഗ്രതക്കോ എതിരായ അതിക്രമങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണമെന്നുമാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. സംഭാഷണങ്ങളിലൂടെയും നയതന്ത്ര ഇടപെടലിലൂടെയും പ്രതിസന്ധി അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും മറ്റ് രാജ്യങ്ങളും ശ്രമിക്കണമെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമായ അഹ്മദ് അബ്ദുൽ റഹ്മാൻ അൽ ജർമാൻ പറഞ്ഞു.
യുക്രെയ്നിൽ സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരും സംയമനം പാലിക്കണം. സമാധാനപരമായ പരിഹാരത്തിന് യു.എ.ഇ ഉറച്ച പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അൽ ജർമാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം യുക്രെയ്ന് 50 ലക്ഷം ഡോളർ സഹായം യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിൽ സഹായമെത്തിക്കാൻ ഐക്യരാഷ്ട്രസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് യു.എ.ഇയും സഹായമെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.