ദുബൈ: ആഗോള ബഹിരാകാശ മേഖലയിൽ കൂടുതൽ സംഭാവന നൽകാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ. എക്സ്പോ 2020 ദുബൈയിലെ ഇന്ത്യൻ പവലിയനിൽ ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് നടന്ന 'ബഹിരാകാശ മേഖലയിൽ അന്തർദേശീയ പങ്കാളിത്തത്തിെൻറയും സഹകരണങ്ങളുടെയും ഭാവി' എന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ വ്യവസായ പങ്കാളിത്തവും അന്താരാഷ്്ട്ര സഹകരണവും വർധിപ്പിക്കാൻ ഇന്ത്യൻ ബഹിരാകാശ പരിശ്രമങ്ങൾ ലക്ഷ്യമിടുന്നു. ആഗോള സ്പേസ് വ്യവസായത്തിൽ വളരെയധികം സംഭാവനകളർപ്പിക്കാനുള്ള കഴിവ് തീർച്ചയായും രാജ്യത്തിനുണ്ട്. ബഹിരാകാശവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയും സമ്പദ്വ്യവസ്ഥയും വികസിപ്പിക്കുന്നത് പരിഗണനയുള്ള കാര്യങ്ങളാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ വഴിയാണ് അദ്ദേഹം സദസ്സിനെ അഭിമുഖീകരിച്ചത്. എക്സ്പോയിൽ ബഹിരാകാശ മേഖലയെ കുറിച്ച പഠനത്തിനും ആലോചനകൾക്കും ഇടം ലഭിച്ചതിൽ ഡോ. കെ. ശിവൻ സന്തോഷം രേഖപ്പെടുത്തി. ഇന്ത്യ ബഹിരാകാശ മേഖലയിൽ ജനാധിപത്യവത്കരണത്തെ പിന്തുണക്കുന്നുണ്ടെന്നും അതിനാൽ സ്വകാര്യ മേഖലയിലുള്ളവരെ കൂടുതൽ ഇടപെടലിന് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യകുലത്തിന് ഗുണകരമാകുന്ന ഏതൊരു നീക്കത്തോടും സഹകരിക്കാൻ ഐ.എസ്.ആർ.ഒ സന്നദ്ധമാണെന്നും കൂട്ടിച്ചേർത്തു.
പരിപാടിയിൽ ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെൻറർ ചെയർമാൻ ഡോ. പവൻ ഗോയങ്കെ മുഖ്യപ്രഭാഷണം നടത്തി. വരും വർഷങ്ങളിൽ നിരവധി ബഹിരാകാശ ദൗത്യങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.എസ്.ആർ.ഒ സയൻറിഫിക് സെക്രട്ടറി ആർ. ഉമാമഹേശ്വരനും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും പാനൽ ചർച്ചയിൽ പങ്കാളിത്തം വഹിച്ചു. ഞായറാഴ്ച മുതൽ എക്സ്പോ നഗരിയിൽ ആരംഭിച്ച ബഹിരാകാശ വാരാചരണത്തിൽ നിരവധി പ്രദർശനങ്ങളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പവലിയനിൽ രാജ്യത്തിെൻറ മംഗൾയാൻ അടക്കമുള്ള ദൗത്യങ്ങളെ കുറിച്ച് പ്രദർശനം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.