അബൂദബി: സ്വദേശിവത്കരണത്തിൽ (തൗത്തീൻ) അബൂദബി ആരോഗ്യ മേഖലക്ക് പുതിയ ടാർഗറ്റ്.എമിറേറ്റിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ, ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ 2025 അവസാനത്തോടെ 5000 സ്വദേശികളെ നിയമിക്കണമെന്ന് അബൂദബി ആരോഗ്യ വകുപ്പ് നിർദേശിച്ചു.ഓരോ സ്ഥാപനവും വ്യക്തിപരമായാണോ അതോ മേഖലയിൽ ഒരുമിച്ചാണോ പുതിയ ടാർഗറ്റ് കണ്ടെത്തേണ്ടത് എന്നത് വ്യക്തമാക്കിയിട്ടില്ല.
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യരംഗത്തെ മറ്റ് തസ്തികകൾ മുതൽ അക്കൗണ്ടിങ്, ഫിനാൻസ്, ലീഗൽ, ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് ജോലികൾ വരെയുള്ള എല്ലാ വിദഗ്ധ തൊഴിലുകളും ഈ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഇമാറാത്തികൾക്ക് തെരഞ്ഞെടുക്കാം.ആരോഗ്യ രംഗത്ത് ദേശീയതലത്തിലുള്ള കഴിവുകളെ ശാക്തീകരിക്കുന്നതിനും ഈ രംഗത്ത് മികച്ച സംഭാവന നൽകാനും ഇമാറാത്തികളെ അനുവദിക്കുന്നതിനാണ് പുതിയ ടാർഗറ്റ് ആരോഗ്യ മേഖലയിൽ നടപ്പാക്കുന്നതെന്ന് അബൂദബി ആരോഗ്യ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. നൂറ അൽ ഖൈതി പറഞ്ഞു.
നാഫിസ് പദ്ധതി ഉപയോഗപ്പെടുത്തി പുതിയ ടാർഗറ്റ് കണ്ടെത്തുന്നതിനുള്ള എല്ലാ സഹായവും ആരോഗ്യവകുപ്പ് ചെയ്യുമെന്നും അവർ പറഞ്ഞു. 50ലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലിടങ്ങളിൽ വർഷത്തിൽ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കാനുള്ള നിയമത്തിന് കഴിഞ്ഞ മാർച്ചിലാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.പദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കി 2026ഓടെ ഇമാറാത്തികളുടെ എണ്ണം 10 ശതമാനമായി ഉയർത്താനാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.