ഷാർജ: ഇമാറാത്തി താരങ്ങൾക്ക് അവസരം നൽകാത്ത ക്ലബ്ബുകളുടെ ധനസഹായം വെട്ടിച്ചുരുക്കുമെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇമാറാത്തികളെ പ്രോത്സാഹിപ്പിക്കാത്ത ക്ലബ്ബുകൾക്കെതിരെ ഈ മാസം അവസാനത്തോടെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. തത്സമയ റേഡിയോ പരിപാടിയിലാണ് ശൈഖ് സുൽത്താൻ നയം വ്യക്തമാക്കിയത്. ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ആദ്യ റൗണ്ടിൽ യു.എ.ഇ ടീം പുറത്തായതുമായി ബന്ധപ്പെട്ട ചർച്ച വന്നപ്പോഴാണ് സുൽത്താന്റെ പരാമർശം.
യു.എ.ഇ യോഗ്യത നേടിയ 1990 ലോകകപ്പ് ഓർത്തെടുത്ത അദ്ദേഹം ജർമനിക്കെതിരെ ഗോൾ നേടിയതും ചൂണ്ടിക്കാണിച്ചു. അടുത്തിടെ നടന്ന ടൂർണമെന്റുകളിൽ മികച്ച ഫലം കണ്ടെത്താൻ യു.എ.ഇ ടീമിന് കഴിഞ്ഞില്ല. ഉടൻ ഫലം ലഭ്യമായില്ലെങ്കിലും ഇമാറാത്തി താരങ്ങളെ കൂടുതൽ ഉൾപ്പെടുത്താൻ ക്ലബ്ബുകൾ തയാറാവണം. ക്ലബ്ബുകൾക്കായി 50 ദശലക്ഷം ദിർഹമാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത് ഉയർത്തണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫലം എന്തുമാവട്ടെ, നമ്മുടെ കുട്ടികൾ ഈ ക്ലബ്ബുകളിൽ കളിക്കുന്നതു കാണാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികൾ ക്ലബ്ബുകളിലുണ്ടെങ്കിൽ സാമ്പത്തിക സഹായം തുടരും. അല്ലാത്തപക്ഷം, ഈ മാസം അവസാനത്തോടെ ഇത് അവസാനിപ്പിക്കും. ടീമുകളിൽ വിദേശ താരങ്ങളുടെ എണ്ണം കൂടുതലായതിനാൽ ഇമാറാത്തി താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ല.
കഴിഞ്ഞ മത്സരങ്ങളിലെ ടീമിന്റെ പ്രകടനം ഫുട്ബാൾ വിദഗ്ധർ വിലയിരുത്തുകയും മറുപടി നൽകുകയും ചെയ്യണം. നമ്മുടെ കുട്ടികളെ വളർത്തിയെടുത്താൽ ഇതിലും മികച്ച ഫലം കണ്ടെത്താൻ കഴിയുമെന്നും ശൈഖ് സുൽത്താൻ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം യു.എ.ഇ പ്രോ ലീഗിലെ വിദേശ താരങ്ങളുടെ എണ്ണം നാലിൽനിന്ന് അഞ്ചായി ഉയർത്തിയിരുന്നു. ഇത്തരം നടപടികൾ ഇമാറാത്തി താരങ്ങളുടെ അവസരം ഇല്ലാതാക്കുന്നുണ്ട്. കൂടുതൽ ഇമാറാത്തി താരങ്ങളെ ദേശീയ ടീമിനായി വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇ മുൻ കോച്ച് ഈദ് ബറൂത്ത് പറഞ്ഞു.
ഈ നിലക്ക് പോയാൽ അഞ്ചു വർഷം കഴിയുമ്പോൾ ദേശീയ ടീം പോലുമുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ശൈഖ് സുൽത്താന്റെ പ്രസ്താവനക്ക് സമൂഹ മാധ്യമങ്ങളിൽ ഇമാറാത്തികളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അറേബ്യൻ ഗൾഫ് കപ്പിൽ ഒരു മത്സരം പോലും ജയിക്കാതെയാണ് യു.എ.ഇ ടീം പുറത്തായത്. ആദ്യ റൗണ്ടിൽ ബഹ്റൈൻ, കുവൈത്ത് ടീമുകളോട് തോറ്റ യു.എ.ഇ അവസാന മത്സരത്തിൽ ഖത്തറിനെതിരെ സമനിലയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.