ദുബൈ: സ്വദേശിവത്കരണ നടപടികൾ വഴി രാജ്യത്തെ സ്വകാര്യ മേഖലയിലെ ഇമാറാത്തി ജീവനക്കാരുടെ എണ്ണം അതിവേഗം വർധിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ 13,000 പേർക്കുകൂടി ജോലി ലഭിച്ചതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 90,000 കടന്നതായി അധികൃതർ വെളിപ്പെടുത്തി. 2021 സെപ്റ്റംബറിൽ സ്വദേശിവത്കരണ പദ്ധതി നടപ്പാക്കിയ ശേഷം 157 ശതമാനമാണ് ഇമാറാത്തികളുടെ എണ്ണം സ്വകാര്യമേഖലയിൽ വർധിച്ചത്.
സ്വദേശികളെ നിയമിച്ച 19,000ത്തിലേറെ വരുന്ന കമ്പനികളുടെ പ്രതിബദ്ധതയെ മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അഭിനന്ദിച്ചു. അതിനിടെ ചെറുകിട സ്ഥാപനങ്ങളിൽ സ്വദേശിയെ നിയമിക്കണമെന്ന നിയമം നിലവിൽ വന്നതോടെ ഈ വർഷം കൂടുതൽ സ്വദേശികളുടെ എണ്ണം വീണ്ടും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജനുവരി മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ് നിർദേശിച്ചിരുന്നത്. അടുത്ത വർഷം വീണ്ടും ഒരു സ്വദേശിയെയും കൂടി നിയമിക്കണം. നേരത്തെ 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്. രാജ്യത്ത് 20-49 തൊഴിലാളികളുള്ള 12,000 സ്വകാര്യ കമ്പനികൾ മാനവവിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം അടുത്ത വർഷങ്ങളിൽ സ്വദേശികൾക്ക് 12,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
നിയമനം നടത്തിയില്ലെങ്കിൽ 2025 ജനുവരിയിൽ 96,000 ദിർഹം സ്ഥാപനത്തിൽനിന്ന് ഈടാക്കും. 2025ൽ നിലവിലെ സ്വദേശി ജീവനക്കാരന് പുറമെ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഇതിൽ വീഴ്ചയുണ്ടായാൽ 2026 ജനുവരിയിൽ 1,08,000 ദിർഹം പിഴ നൽകേണ്ടി വരും. 14 മേഖലയിലെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾക്കാണ് സ്വദേശിവത്കരണ നിർദേശം ബാധകമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.