ദുബൈ: അനാവശ്യ കാരണങ്ങൾ പറഞ്ഞ് പ്രവാസികളുടെ മക്കൾക്ക് ഒ.ബി.സി എൻ.സി.എൽ സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മത്സര പരീക്ഷകൾക്കും കോളജ് പ്രവേശനത്തിനുമായി ഒ.പി.സി എൻ.സി.എൽ സർട്ടിഫിക്കറ്റ് പലയിടങ്ങളിലും അപ്ലോഡ് ചെയ്യേണ്ട സമയമാണിത്.
എന്നാൽ, കൃത്യമായ രേഖകൾ സമർപ്പിച്ചിട്ടും ശമ്പള സർട്ടിഫിക്കറ്റില്ല എന്നപേരിൽ പല പ്രവാസി രക്ഷിതാക്കളുടെയും അപേക്ഷകൾ വില്ലേജ് ഓഫിസിൽ പിടിച്ചുവെക്കുകയും സർട്ടിഫിക്കറ്റ് നിരസിക്കുകയും ചെയ്യുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതോടെ, പ്രവാസികളുടെ മക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെടുകയാണ്. ഒ.ബി.സി എൻ.സി.എലിന് പരിഗണിക്കാൻ ശമ്പളമല്ല, സ്റ്റാറ്റസാണ് നോക്കേണ്ടത് എന്നതാണ് വ്യവസ്ഥ. സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഇതുസംബന്ധിച്ച് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. വിദേശത്തുള്ളവരുടെ വരുമാനം സ്വയം സാക്ഷ്യപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്കാക്കി ക്രീമിലെയർ പദവി നിശ്ചയിക്കാമെന്നതാണ് നിർദേശം.
എന്നാൽ, ഇതൊന്നും നോക്കാതെ മിക്ക വില്ലേജ്, താലൂക്കു തല ഓഫിസർമാരും പ്രവാസികളായ രക്ഷിതാക്കളോട് എംബസി അറ്റസ്റ്റ് ചെയ്ത ശമ്പള സർട്ടിഫിക്കറ്റ് വേണമെന്നും ബാങ്ക് സ്റ്റേറ്റ്മെന്റ് വേണമെന്നുമെല്ലാം പറഞ്ഞ് അപേക്ഷകൾ മടക്കുകയാണ്. ഇതുമൂലം കുട്ടികൾക്ക് അർഹമായ സംവരണ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഈ അവകാശ നിഷേധത്തെ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.