ലിഖിതങ്ങളുടെ കമനീയ കലവറ തുറന്ന് ഷാര്‍ജ

ഷാര്‍ജ: അറബി അക്ഷരങ്ങൾ കൊണ്ടുള്ള ദൃശ്യകലയാണ് അറബി കാലിഗ്രഫി. ഖുർആൻ പകർത്തിയെഴുതുന്നതിലൂടെ ഈ കലാരൂപം വികാസം കൊണ്ട വാക്യങ്ങളും ഉൾക്കൊള്ളുന്ന ആശയങ്ങളും ചിത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന രീതിയിലേക്ക് പടർന്നുകഴിഞ്ഞു. ആധുനിക ചിത്രകലയിലെ മിക്ക സങ്കേതങ്ങളും കാലിഗ്രഫിയിലൂടെ പ്രകടമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് കാലിഗ്രഫി വളർന്നു എന്നത് ഇതിന്‍റെ സർഗമൂല്യത്തെ അടയാളപ്പെടുത്തുന്നു. കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖ് റൈഹാനി, റുഖ്അ, തൗഖി, മഗരിബി, ഫാർസി എന്നീ രീതികള്‍ക്ക് പുറമെ കേരളത്തിന്‍റെ സ്വന്തമായ 'ഖത്ത് ഫുന്നാനി'യും അറബി കാലിഗ്രഫിയുടെ ജീവനാഡിയാണ്. പുരാതന പള്ളികളുടെ കവാടങ്ങളില്‍ ഈ രീതിയില്‍ എഴുതിയ ഖുര്‍ആന്‍ വചനങ്ങള്‍ കാണാം.

ഈ എഴുത്ത് കലയുടെ അഭൗമസൗന്ദര്യത്തെയാണ് ഷാർജ ബുക്ക്​ അതോറിറ്റി (എസ്‌.ബി‌.എ) സംഘടിപ്പിക്കുന്ന 'ടെയിൽസ് ഫ്രം ഈസ്​റ്റ്​ പ്രദര്‍ശനത്തിലൂടെ ആരാമമാക്കി മാറ്റുന്നത്. എ.ഡി 1827ല്‍ പ്രശസ്ത പണ്ഡിതന്‍ ഹജ്ജ് അബ്​ദി സാദെ ബസാരി യാരിയുടെ മകൾ ഷെരീഫ സുലൈഖ ഖതാമി അൽ സാദി എഴുതിയ ഖുര്‍ആന്‍ പതിപ്പ് ഏറെ ശ്രദ്ധേയമാണ്. പുരാതന കാലത്തുതന്നെ ഇത്തരം രംഗങ്ങളില്‍ സ്ത്രീകള്‍ ഒട്ടും പിന്നിലായിരുന്നില്ല എന്നും പലഘട്ടത്തിലും ഒരു മുഴം മുന്നിലായിരുന്നുവെന്നും എടുത്തുപറയുന്നുണ്ട്. കൂഫി രീതിയില്‍ ഷെരീഫ എഴുതിയ ഖുര്‍ആന്‍ ശീര്‍ഷകം, പാരായണ നിയമം, സൂക്തം എന്നിവ വ്യത്യസ്ത നിറങ്ങളിലും രീതികളിലും ആവിഷ്കരിച്ചിരിക്കുന്നു.

ഇസ്​ലാമിക കലാചരിത്രത്തിലെ ഏറ്റവും പ്രശസ്തനായ കാലിഗ്രാഫറുകളിലൊരാളായ ഒമർ ബിൻ ഇസ്മായിൽ എഴുതിയ ഖുര്‍ആന്‍റെ പകർപ്പും എക്സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു. 1685ൽ നാസ്ക് ലിപിയിൽ എഴുതിയ സൂറത്ത് അൽ അനാം ആണ് പ്രദര്‍ശനത്തിലുള്ളത്.

നെപ്പോളിയൻ ബോണപാർട്ടിനെ ഈജിപ്തിലേക്ക് പിന്തുടർന്ന ശാസ്ത്രജ്ഞർ, കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ എന്നിവരിലൂടെ 23 വാല്യങ്ങളിലായി 935 പ്ലേറ്റുകളിൽ ഈജിപ്തിനെക്കുറിച്ചുള്ള വിവരണത്തിന്‍റെ ആദ്യ പതിപ്പും ആദ്യ ലക്കവുമാണ് 'ടെയിൽസ് ഫ്രം ഈസ്​റ്റി' ൽ പ്രദർശിപ്പിക്കുന്നത്. അഹമ്മദ് അൽ-കിരിമി വരച്ച അറേബ്യൻ ഉപദ്വീപിലെ പ്രശസ്ത ഭൂപടം ഉൾപ്പെടെ 40 നിറങ്ങളിലുള്ള മാപ്പുകളും പ്ലേറ്റുകളും ചിത്രീകരിച്ചിരിക്കുന്ന, 1732ൽ കോൺസ്​റ്റാൻറിനോപ്പിളിൽ ഇബ്രാഹിം മ്യൂട്ടെഫെറിക്ക പ്രസിദ്ധീകരിച്ച കതിബ് സെലെബിയുടെ മാസ്​റ്റർപീസ്, ദി മിറർ ഓഫ് ദി വേൾഡിന്‍റെ ആദ്യ പതിപ്പും സന്ദർശകർക്ക് കാണാൻ കഴിയും. പ്രപഞ്ചത്തിന്‍റെ ജ്യോതിഷ മാതൃകകൾ, കാലാവസ്ഥ, വായു മാപ്പുകൾ, മറ്റ് ഘടകങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.

ഓറിയൻറലിസ്​റ്റ്​ അഡ്രിയൻ ഡുപ്രെ എഴുതി 1819ൽ പ്രസിദ്ധീകരിച്ച ജേണി ടു പേർഷ്യ എന്ന പുസ്തകവും എക്സിബിഷനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

ഏഷ്യാമൈനർ, മെസൊപ്പൊട്ടോമിയ, തുർക്കി, അർമേനിയ, പേർഷ്യ എന്നിവിടങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ യാത്രകൾ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1632 ലും 1636 ലും റോമയിൽ പുറത്തിറങ്ങിയ മത്തേയൂസ് ഗ്രൂട്ടർ സൃഷ്​ടിച്ച അസാധാരണവും അപൂർവവുമായ 49 സെൻറി മീറ്റർ വർണത്തിലുള്ള പാർക്ക്വെറ്റ് ഗ്ലോബുകൾ ഉൾെപ്പടെ 17 മുതൽ 20 വരെ നൂറ്റാണ്ടുകളിലെ ഗ്ലോബുകളും എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കാലിഗ്രഫി ആർട്ടിസ്​റ്റ്​ ജോവാൻമുർദ് ബിൻ അക്കി മുഹമ്മദ് ബിൻ ബയാസിദ് അൽ സുരൂരി എ.ഡി പതിനഞ്ചാം നൂറ്റാണ്ടില്‍ തുളുത്ത് ലിപിയിൽ എഴുതിയ കൈയെഴുത്തുപ്രതിയും പ്രദര്‍ശനത്തിലുണ്ട്.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ, ബുക്ക്​ അതോറിറ്റിയുടെ ആസ്ഥാനത്ത് നടക്കുന്ന പ്രദര്‍ശനം സൗജന്യമായി ആസ്വദിക്കാം. വാഹന പാര്‍ക്കിങ്ങും സൗജന്യമാണ്. രാത്രി എട്ടിന് തുടങ്ങുന്ന പ്രദര്‍ശനം അര്‍ധരാത്രി വരെ നീളും. പ്രദര്‍ശനം മേയ് മൂന്നിന് സമാപിക്കും.

Tags:    
News Summary - inscription exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.