ദുബൈ: നിർമാണസ്ഥലങ്ങളിൽ സുരക്ഷമാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് സമഗ്രമായ കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി. എൻജിനീയർമാർ, കൺസൽട്ടൻറുമാർ, സൂപ്പർവൈസർമാർ, തൊഴിലാളികൾ, കമ്പനികൾ എന്നിവരെയെല്ലാം സുരക്ഷയെ സംബന്ധിച്ച് ബോധവത്കരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. കാമ്പയിനിന്റെ ഭാഗമായി എമിറേറ്റിലെ വിവിധ നിർമാണ സ്ഥലങ്ങളിൽ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുകയും സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു. നിർമാണ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ നടപടി സ്വീകരിച്ചത്.
‘കോഡ് ഓഫ് കൺസ്ട്രക്ഷൻ സേഫ്റ്റി പ്രാക്ടിസി’ൽ വ്യക്തമാക്കിയ മാർഗനിർദേശങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് നിരവധി നടപടികൾ കാമ്പയിനിന്റെ ഭാഗമായി സ്വീകരിച്ചതായി ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷം 14,858 നിർമാണ സൈറ്റുകളിൽ 35,672 ഫീൽഡ് സന്ദർശനങ്ങൾ നടപ്പാക്കിയതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. നിർമാണസ്ഥലങ്ങളിൽ സുരക്ഷമാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കരാറുകാർക്കിടയിൽ ബോധവത്കരണം വർധിപ്പിക്കുന്നതിനുമാണ് പരിശോധന നടത്തിയത്.
കാമ്പയിനിന്റെ ഭാഗമായി മുനിസിപ്പാലിറ്റി വസ്ൽ പ്രദേശത്ത് രക്ഷാപ്രവർത്തന ഡ്രിൽ നടത്തുകയും ചെയ്തു. നിർമാണസ്ഥലത്ത് സംഭവിക്കാനിടയുള്ള അപകടകരമായ സാഹചര്യത്തെ സങ്കൽപിച്ച് തൊഴിലാളികളെ രക്ഷപ്പെടുത്തുന്ന രീതിയിലാണിത് സജ്ജീകരിച്ചത്.
കാമ്പയിനു കീഴിൽ ബോധവത്കരണ സെമിനാറുകൾ, പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയും ദുബൈ മുനിസിപ്പാലിറ്റി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.