യു.എ.ഇയിൽ ജോലി നഷ്ട​പ്പെടുന്നവർക്ക്​ ഇൻഷ്വറൻസ്​ പരിരക്ഷ

ദുബൈ: യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ ഇൻഷ്വറൻസ്​ പരിരക്ഷ. ജോലി പോയാൽ മൂന്ന്​ മാസം വര ശമ്പളത്തിന്‍റെ 60 ശതമാനം ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി. യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയമാണ്​ പ്രഖ്യാപനം നടത്തിയത്​. തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ മറ്റൊരു ​ജോലി കണ്ടെത്തുന്നത്​ വരെ ആശ്വാസമാകും ഈ തുക.

പരമാവധി 20,000 ദിർഹം വരെയായിരിക്കും പ്രതിമാസം ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. ജീവനക്കാർ 40 ദിർഹം മുതൽ 100 ദിർഹം വരെ ഈ സ്കീമിലക്ക്​ അടക്കേണ്ടി വരും. മൂന്ന്​ മാസം വരെയാണ്​ ഇൻഷ്വറൻസ്​ തുക ലഭിക്കുന്നതെങ്കിലും അതിന്​ മുൻപ്​ പുതിയ ജോലി ലഭിച്ചാൽ പിന്നീട്​ തുക ലഭിക്കില്ല.

അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസ്സിൽ താഴെയുള്ളവർ, വിരമിക്കൽ പെൻഷൻ സ്വീകരിച്ച ശേഷം പുതിയ ജോലിയിൽ ​പ്രവേശിച്ചവർ എന്നിവർക്ക്​ ഇൻഷ്വറൻസ്​ ആനുകൂല്യം ലഭിക്കില്ല. അച്ചടക്ക നടപടിയുടെ പേരിൽ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടവർക്കും പരിരക്ഷ ലഭിക്കില്ല. ഇൻഷ്വറൻസ്​ തുക അടക്കാൻ തുടങ്ങി 12 മാസം പിന്നിട്ട ശേഷമെ പരിരക്ഷക്ക്​ യോഗ്യതയുണ്ടാവൂ.

നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ ​​കൃത്രിമം കാണിച്ചാൽ ശിക്ഷിക്കപ്പെടും. ജോലി ചെയ്യുന്ന സ്ഥാപനം യഥാർഥമല്ലെന്ന്​ കണ്ടെത്തിയാൽ പിഴ ഈടാക്കും. ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന നിയമം ജനുവരിയിൽ നടപ്പാക്കുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​.

Tags:    
News Summary - Insurance cover for those who lose their jobs in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.