ദുബൈ: രാജ്യത്ത് കോവിഡ് വ്യാപനം അധികരിച്ചതോടെ അബൂദബിയിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. ഇടക്കാലത്ത് യാത്രയിലും പ്രവേശനത്തിലും വരുത്തിയ ഇളവുകൾ പൂർണമായും ഇല്ലാതാക്കിയാണ് നിയന്ത്രണം കടുപ്പിച്ചത്.ഇനിമുതൽ മറ്റ് എമിറേറ്റുകളിലുള്ളവർക്ക് അബൂദബിയിൽ പ്രവേശിക്കാൻ കോവിഡ് പരിശോധന ഉൾെപ്പടെയുള്ള ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും.
നിശ്ചിത ക്വാറൻറീൻ കാലാവധിയും ഏർപ്പെടുത്തിയിട്ടുണ്ട്. പഴയരീതിയിൽ നിശ്ചിത ദിവസങ്ങൾ പിന്നിടുമ്പോഴും കോവിഡ് പരിശോധന നടത്താനും നിർദേശമുണ്ട്. ലംഘിക്കുന്നവർക്ക് പിഴ ശിക്ഷയുൾപ്പെടെയുള്ള നടപടിയുണ്ടാവും. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളിൽനിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കാനുള്ള തീരുമാനം ശനിയാഴ്ച വൈകീട്ടാണ് പുറത്തുവിട്ടത്.
48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ ടെസ്റ്റിലോ, ഡി.പി.ഐ പരിശോധനയിലോ നെഗറ്റിവ് ഫലം ലഭിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. അബൂദബിയിൽ പ്രവേശിച്ചവർക്ക് നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി. പരിശോധന നടത്താത്തവർക്കെതിരെ നടപടി ഉണ്ടാകും.
നേരത്തേ പ്രവേശനത്തിനുള്ള പരിേശാധനാ സമയം 78 മണിക്കൂർ ആയിരുന്നു. ആറ്, 12 ദിവസങ്ങളിലായിരുന്നു പി.സി.ആർ പരിശോധന. ഇൗ ഇളവുകളാണ് ഇപ്പോൾ പിൻവലിച്ചത്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് അൽഹുസൻ ആപ്പിൽ 'ഇ'അല്ലെങ്കിൽ ഗോൾഡൻ സ്റ്റാർ ചിഹ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇക്കാര്യങ്ങളിൽ ഇളവ് ലഭിക്കും.
രാജ്യത്ത് ശീതകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിലും അബൂദബിയിൽ രണ്ടാഴ്ചയായി ഓൺലൈൻ പഠനം തന്നെയായിരുന്നു.രണ്ടാഴ്ച പിന്നിട്ട് ഞായറാഴ്ച സ്കൂളുകൾ പുനരാരംഭിക്കാനിരിക്കെ, ശനിയാഴ്ച അധികൃതർ പുറപ്പെടുവിച്ച അറിയിപ്പിൽ ഓൺലൈൻ പഠനം തുടരാൻ തന്നെയാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.