ദുബൈ: യു.എ.ഇയുടെ ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ദുബൈയിൽ അടുത്ത വർഷം ഏപ്രിൽ 15 മുതൽ 17 വരെ അന്താരാഷ്ട്ര എ.ഐ (നിർമിത ബുദ്ധി) സമ്മേളനം നടക്കുമെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രഖ്യാപിച്ചു. എമിറേറ്റ്സ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അക്കാദമിയുമായി ചേർന്ന് ഡയറക്ടറേറ്റാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
എ.ഐ ഇന്നോവേഷൻ: ഷേപ്പിങ് ദി ഫ്യൂച്ചർ ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ആൻഡ് എൻഹാൻസിങ് എജുകേഷൻ ക്വാളിറ്റി എന്ന തലക്കെട്ടിൽ നടക്കുന്ന ഈ സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള എ.ഐ വിദഗ്ധരും ഗവേഷകരും വിദ്യാർഥികളും പങ്കെടുക്കും. എ.ഐ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസമേഖലയെയും പൊതു സ്ഥാപനങ്ങളെയും എങ്ങനെ മെച്ചപ്പെടുത്തുമെന്ന് ചർച്ചചെയ്യുകയും പുതിയ ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. ദുബൈയിൽ നടന്നുവരുന്ന ജൈറ്റെക്സ് ഗ്ലോബലിലാണ് അധികൃതർ ഇക്കാര്യം വിശദീകരിച്ചത്. സമ്മേളനത്തിൽ 200ലധികം ശാസ്ത്ര പ്രബന്ധങ്ങളും ഗവേഷണങ്ങളും അവതരിപ്പിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
എ.ഐ ടെക്നോളജികൾ പൊതു സ്ഥാപനങ്ങളിലും വിദ്യാഭ്യാസ രംഗത്തും സുസ്ഥിരമായ വികസനം നേടുന്നതിന് എങ്ങനെ പ്രയോജനപ്പെടും എന്ന് ആഴത്തിൽ പഠിക്കുന്നതിനുള്ള മികച്ച പ്ലാറ്റ്ഫോമാകുന്ന ഈ സമ്മേളനം യു.എ.ഇയുടെ ടെക്നോളജി മേഖലയുടെ ഭാവി വളർച്ചക്കും രാജ്യത്തെ ഡിജിറ്റൽ നവീകരണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജസ്വലത പകരുമെന്ന് അധികൃതർ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.