അബൂദബി: കാലാവസ്ഥ വ്യതിയാനം നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹകരിച്ച് മുന്നോട്ടു നീങ്ങേണ്ടത് അനിവാര്യമാണെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ഈജിപ്തിലെ ശറമുശൈഖിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥ വ്യതിയാന ഉച്ചകോടി(കോപ് 27)യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയുടെ അതിജീവനം പരിഗണിച്ച് കാലാവസ്ഥ വ്യതിയാനം തടയാൻ പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിയും മറ്റു ലോക നേതാക്കളും പങ്കെടുത്ത ഉച്ചകോടിയുടെ ഉദ്ഘാടനച്ചടങ്ങിലെ 'ലീഡേഴ്സ് സമ്മിറ്റി'ലാണ് ശൈഖ് മുഹമ്മദ് സംസാരിച്ചത്.ഫലപ്രദമായ കാലാവസ്ഥ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിന് യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും അടുത്ത വർഷത്തെ കോപ്28ലേക്ക് ലോകത്തെ സ്വാഗതംചെയ്യാൻ യു.എ.ഇ കാത്തിരിക്കുകയാണെന്നും പ്രസിഡൻറ് ചടങ്ങിൽ വ്യക്തമാക്കി. ലോകത്തെ ഊർജ പരിവർത്തനങ്ങൾക്ക് യു.എ.ഇ എല്ലാ പിന്തുണയും നൽകും. യു.എ.ഇയും യു.എസും തമ്മിൽ സമീപ കാലത്ത് ഒപ്പുവെച്ച ക്ലീൻ എനർജി കരാർ ഇതിന്റെ ഭാഗമാണ്.
ഒരു ഉത്തരവാദിത്തമുള്ള ഊർജ വിതരണ രാജ്യമെന്ന നിലയിലെ പ്രവർത്തനം തുടരും. അതോടൊപ്പം ബദൽ വിഭവങ്ങളിലേക്കും സാങ്കേതികവിദ്യകളിലേക്കും മാറ്റത്തിന് ശ്രമിക്കുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും കാർബൺ ബഹിർഗമനം കുറക്കുന്നതിന് പാരിസ് ഉടമ്പടിയിൽ ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്ത മേഖലയിലെ ആദ്യ രാജ്യമാണ് യു.എ.ഇയെന്നും സ്ട്രാറ്റജിക് ഇനീഷ്യേറ്റിവ് വഴി 2050ഒാടെ കാർബൺ ബഹിർഗമനം പദ്ധതി രാജ്യം നടപ്പാക്കിവരുകയാണെന്നും അദ്ദേഹം അറിയിച്ചു. ലോകമെമ്പാടുമുള്ള രാഷ്ട്രനേതാക്കളും കാലാവസ്ഥ വിദഗ്ധരും ഈജിപ്ഷ്യൻ നഗരമായ ശറമുശൈഖിൽ ഒത്തുകൂടുന്ന ഉച്ചകോടി ഈ മാസം 18 വരെ നീണ്ടുനിൽക്കും. നൂറിലേറെ രാഷ്ട്രനേതാക്കൾ വരും ദിവസങ്ങളിൽ ചടങ്ങിൽ സംസാരിക്കും. ആദ്യദിനത്തിൽ യു.എൻ സെക്രട്ടറി ജനറലും ഈജിപ്ഷ്യൻ പ്രസിഡൻറും ഫ്രഞ്ച് പ്രസിഡന്റും അടക്കമുള്ള പ്രമുഖർ സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.