അബൂദബി: നാഷനൽ എക്സിബിഷൻ സെൻററിൽ അന്താരാഷ്ട്ര പ്രതിരോധ എക്സിബിഷനും (ഐഡെക്സ്) നാവിക പ്രതിരോധ എക്സിബിഷനും (നവ്ഡെക്സ്) 21 മുതൽ 25 വരെ നടക്കും. ഇതോടനുബന്ധിച്ച് അന്താരാഷ്ട്ര പ്രതിരോധ സമ്മേളനം അബൂദബി നാഷനൽ ഓയിൽ കമ്പനി ബിസിനസ് സെൻററിൽ 20ന് നടക്കും.
പ്രതിരോധ മന്ത്രാലയവും സായുധസേന ജനറൽ കമാൻഡുമായി സഹകരിച്ച് നടക്കുന്ന പ്രദർശനവും സമ്മേളനവും യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് നടക്കുക. ആഗോള പ്രതിരോധ മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുതുമകളും പ്രദർശിപ്പിക്കും. യു.എ.ഇ പ്രതിരോധ വ്യവസായത്തിെൻറ വളർച്ചയെ പിന്തുണക്കുന്ന പ്രദർശനത്തിൽ ലോകത്തിലെ പ്രധാന അന്താരാഷ്ട്ര കമ്പനികൾ തമ്മിൽ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് ഐഡെക്സ്, നവ്ഡെക്സ് ഉന്നത സംഘാടക സമിതി ചെയർമാനും പ്രതിരോധ മന്ത്രാലയം വ്യവസായ എക്സിക്യൂട്ടിവ് ഡയറക്ടറേറ്റ് മേധാവിയുമായ മേജർ ജനറൽ സ്റ്റാഫ് പൈലറ്റ് ഇസ്ഹാഖ് സ്വാലിഹ് അൽ ബലൂഷി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം രാജ്യത്തിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ചാണ്. അരനൂറ്റാണ്ടിലെ യു.എ.ഇയുടെ വികസന നേട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം യു.എ.ഇയുടെ സ്ഥാനം അന്തർദേശീയ തലത്തിൽ ഉറപ്പാക്കാനും സഹായിക്കും.
കോവിഡ് കാലത്ത് നടക്കുന്ന അന്താരാഷ്ട്ര എക്സിബിഷനും സമ്മേളനവും നിശ്ചയിച്ച പ്രകാരം സംഘടിപ്പിക്കാനായത് അന്താരാഷ്ട്ര സമൂഹത്തിനിടയിൽ യു.എ.ഇയെക്കുറിച്ച് ആത്മവിശ്വാസം പകരുന്നു.
പ്രതിനിധികൾ, പങ്കാളികൾ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിന് ചുറ്റുമുള്ള 19ഓളം ഹോട്ടലുകളിലാണ് പ്രതിനിധികളെയും സന്ദർശകരെയും പാർപ്പിക്കുന്നത്. ആരോഗ്യ വകുപ്പിെൻറ ഏകോപനത്തോടെ ഓരോ ഹോട്ടലിലും പി.സി.ആർ പരിശോധന സൗകര്യം ഒരുക്കും. 80ലധികം രാജ്യങ്ങളിൽനിന്നുള്ള രണ്ടായിരത്തിലധികം പ്രതിരോധ രംഗത്തെ നേതാക്കളും മുതിർന്ന എക്സിക്യൂട്ടിവ് ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുക്കും. പ്രതിരോധകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹ്മദ് അൽ ബൊവാർദിയുടെ പ്രസംഗത്തോടെയാണ് 2021ലെ പ്രതിരോധ സമ്മേളനം ആരംഭിക്കുക. തുടർന്ന് നാലു പ്രധാന സെഷനുകളും നടക്കും. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടന്ന വാർത്തസമ്മേളനത്തിൽ സംഘാടക സമിതി വൈസ് ചെയർമാനും അഡ്നെക് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ഹുമൈദ് മത്താർ അൽ ദാഹിരിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.