അബൂദബി: അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശന, സമ്മേളനത്തിന്റെ മൂന്നാംദിവസം തവസുന് കൗണ്‍സില്‍ ഒപ്പുവെച്ചത് 580കോടി ദിര്‍ഹമിന്റെ കരാറുകള്‍. അന്താരാഷ്ട്ര കമ്പനികളുമായി ആറു കരാറുകള്‍ അടക്കം 11 എണ്ണമാണ് യു.എ.ഇ സായുധ സേനക്കും അബൂദബി പൊലീസിനും വേണ്ടി തവസുന് കൗണ്‍സില്‍ ഒപ്പുവെച്ചതെന്ന് കൗണ്‍സില്‍ വക്താവ് സായിദ് അല്‍ മെരൈഖി പറഞ്ഞു.
പ്രാദേശിക കമ്പനികള്‍ ആകെ 507കോടി ദിര്‍ഹമിന്റെ അഞ്ചു കരാറുകളാണ് സ്വന്തമാക്കിയത്. ആറു കരാറുകളിലൂടെ അന്താരാഷ്ട്ര കമ്പനികള്‍ 75.6 കോടി ദിര്‍ഹമിന്റെ ഇടപാടാണ് ഉറപ്പിച്ചത്. എഡ്ജ് ഗ്രൂപ്പിന്റെ ഭാഗമായ എര്ത് ആണ് പ്രാദേശിക കമ്പനികളില്‍ ഏറ്റവും വലിയ തുകയുടെ കരാര്‍ സ്വന്തമാക്കിയത്(400കോടി ദിര്‍ഹം).
എഡ്ജ് ഗ്രൂപ്പിന്റെ ഹാല്കണ് 100 കോടി ദിര്‍ഹമിന്റെയും ഇന്റര്‍നാഷനല്‍ ഡൈവിങ് ട്രേഡ് കമ്പനി 2.8 കോടി ദിര്‍ഹമിന്റെയും കരാർ നേടി. പ്രദര്‍ശനത്തിന്റെ ആദ്യ മൂന്നു ദിനങ്ങളിലായി യു.എ.ഇ സായുധ സേനയും അബൂദബി പൊലീസും 18.44 ബില്യന്‍ ദിര്‍ഹമിന്റെ കരാറുകളിലാണ് ഒപ്പുവെച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
അതേസമയം, പ്രതിരോധ മേഖലയിലെ മികച്ച നൂതന കമ്പനിക്കു നല്കുന്ന അവാര്‍ഡിലേക്ക് മത്സരിച്ച 83ല്‍, 34 സ്റ്റാര്‍ട്ടപ് കമ്പനികള്‍ അന്തിമ ലിസ്റ്റില്‍ ഇടം നേടി.
ഇതാദ്യമായാണ് ഇത്തരമൊരു മത്സരം നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഇവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുക്കുകയെന്നും അഡ്നെക് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ക്യാപിറ്റല്‍ ഇവന്റ്സ് സി.ഇ.ഒ. സയീദ് അല്‍ മന്‍സൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.