ഷാർജ: വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്ക് പ്രവാസി മലയാളിക്ക് അന്താരാഷ്ട്ര യൂനിവേഴ്സിറ്റിയുടെ ആദരം. പത്തനംതിട്ട ചിറ്റാർ സ്വദേശി മനു കുളത്തുങ്കലിനാണ് പ്രമുഖ അമേരിക്കൻ അക്രെഡിറ്റഡ് യൂനിവേഴ്സിറ്റിയായ അലിയാൻസ് അമേരിക്കൻ യൂനിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് ബിരുദം നൽകുന്നത്.
സെപ്റ്റംബറിൽ ദുബൈയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സമ്മാനിക്കും. രാജ്യാന്തരതലത്തിൽ വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ച നേട്ടങ്ങളും വിദ്യാഭ്യാസ മേഖലയിലെ നവീന ആശയങ്ങൾ പുതിയ തലമുറക്ക് പകർന്നുനൽകാൻ നടത്തുന്ന ശ്രമങ്ങളും പരിഗണിച്ചാണ് യൂനിവേഴ്സിറ്റി സെനറ്റും അക്കാദമിക് കമ്മിറ്റിയും ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചത്. യൂനെസ്കോയുടെ ഭാഗമായ ഇന്റർനാഷനൽ കൗൺസിൽ ഫോർ ഓപൺ ആൻഡ് ഡിസ്റ്റൻസ് എജുക്കേഷനാണ് (ഐ.സി.ഡി.ഇ) ഡോക്ടറേറ്റിനായി ശിപാർശ ചെയ്തത്.
ആദ്യമായാണ് ഒരു ഏഷ്യക്കാരന് അലിയാൻസ് യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നൽകുന്നത്. വേൾഡ് എജുക്കേഷൻ ഐക്കൺ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തിൽ ബിരുദവും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പി.ജി ഡിപ്ലോമയും നേടിയ മനു ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അക്കാദമിക് ഡയറക്ടറായി പ്രവർത്തിക്കുകയാണ്. ഭാര്യ: ജിഷ മനു. മക്കൾ: ഡാരൻ, ഡാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.