അബൂദബി: ലോക രാജ്യങ്ങളിലെ ഫാൽക്കണർമാർ, വേട്ടക്കാർ, കുതിരസവാരിക്കാർ എന്നിവരെ ആകർഷിക്കുന്ന 18ാമത് അബൂദബി ഇൻറർനാഷനൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ തിങ്കളാഴ്ച മുതൽ ഏഴു ദിവസം നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കും. കുതിരസവാരി പ്രദർശനങ്ങൾ ഉൾപ്പെടെ ഒട്ടേറെ രസകരമായ പരിപാടികളോടെയാണ് 11 മേഖലകളിലായി പ്രദർശനം സന്ദർശകരെ ആകർഷിക്കുക.
അൽ ദഫ്ര മേഖലയിലെ അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് പ്രസിഡൻറുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം യു.എ.ഇയുടെ 50ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ്. രാജ്യത്തിെൻറയും അറബ് സംസ്കാരത്തിെൻറയും പാരമ്പര്യത്തനിമ പകരുന്ന വേട്ടപ്രദർശനവും ഫാൽക്കൺറിയും അശ്വാരൂഢ പ്രകടനവും അടുത്ത 50 വർഷത്തേക്ക് രൂപകൽപന ചെയ്യാനും ആസൂത്രണം ചെയ്യാനും കഴിയുന്നതാവും ഇത്തവണത്തെ പ്രദർശനം. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ആണ് ഹണ്ടിങ് പ്രദർശനം സ്പോൺസർ ചെയ്യുന്നത്. അബൂദബി പരിസ്ഥിതി ഏജൻസി, ഹൗബറ കൺസർവേഷൻ ഇൻറർനാഷനൽ ഫണ്ട്, അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ എന്നിവരും പരിപാടിയിൽ സഹകരിക്കുന്നു. എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന പ്രത്യേക കായിക പൈതൃക പ്രദർശനം വെള്ളിയാഴ്ച ഒഴികെ ആറു ദിവസങ്ങളിൽ നടക്കും. അബൂദബി പൊലീസ് ജനറൽ കമാൻഡ്, ബൗധീബ് ഇക്വസ്ട്രിയൻ അക്കാദമി, സബിയാൻ ഇക്വസ്ട്രിയൻ ക്ലബ് എന്നിവയും പങ്കെടുക്കും.
യു.എ.ഇയുടെ സംസ്കാരവും ആധികാരിക പാരമ്പര്യവും സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്നതും നൂതനവുമായ പ്രവർത്തനങ്ങളിലൂടെയാണ് പൈതൃക പ്രദർശനം.
കാണാം വേറിട്ട പ്രദർശനങ്ങൾ:
അബൂദബി പൊലീസ് കുതിരകളെയും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് യു.എ.ഇയിലെ സുരക്ഷ എങ്ങനെ നടപ്പാക്കുന്നു എന്നത് ഇവിടെ കാണാൻ കഴിയും. എക്സിബിഷൻ നഗരിയിലെ പ്രേക്ഷകർക്കു മുന്നിൽ കുതിരപ്പുറത്തിരുന്ന് അമ്പും വില്ലും തൊടുക്കുന്നതും, ഗ്രൗണ്ടിലെ ഷൂട്ടിങ് പ്രവർത്തനങ്ങളും അംന അൽ ജാസ്മി, ഹസൻ അൽ ജുഹാനി, വദഹ് അൽ സാബി എന്നിവർ പ്രദർശിപ്പിക്കും. ഒളിമ്പിക് ഗെയിംസിൽ അംഗീകരിക്കപ്പെട്ട ഔദ്യോഗിക കായികവിനോദം സന്ദർശകരെ ആകർഷിക്കും. പുരാതന ആയുധങ്ങൾ ഉപയോഗിച്ച് പ്രശസ്തമായ ചില ആയോധനകലകളുടെ പ്രദർശനവും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.