അബൂദബി: അന്താരാഷ്ട്ര യോഗദിനത്തിന് മുന്നോടിയായി ലൗറേ അബൂദബി മ്യൂസിയത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള 350ഓളം പേര് പങ്കെടുത്ത യോഗ നടന്നു. സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്റെ വെര്‍ച്വല്‍ സന്ദേശത്തോടെയായിരുന്നു പരിപാടിക്കു തുടക്കമായത്. അംഗീകൃത പരിശീലകരാണ് 40 മിനിറ്റ് നീണ്ടുനിന്ന യോഗ ശില്പശാലയ്ക്ക് നേതൃത്വം നല്‍കിയത്.
സ്കൂള്‍ വിദ്യാര്‍ഥികളും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരും യോഗാചരണ പരിപാടിയില്‍ സംബന്ധിച്ചു. ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് യോഗമാറ്റും വൃക്ഷത്തൈയും സമ്മാനമായി നല്കി. ജൂണ്‍ 21 മിനാ പോര്‍ട്ടിലാണ് ഒമ്പതാമത് അന്താരാഷ്ട്ര യോഗദിനം ആചരിക്കുന്നത്. അബൂദബിയിലെ ഇന്ത്യന്‍ എംബസിയും ഡി.പി വേള്‍ഡും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക. യു.എ.ഇ. വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ സയൂദി മുഖ്യാതിഥിയായി സംബന്ധിക്കും. ഡിപി വേള്‍ഡ് ക്രൂയിസ് ടെര്‍മിനല്‍ മൂന്നില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയായിരിക്കും പരിപാടി. ഇന്ത്യന്‍ നാവികസേനയുടെ ഐ.എൻ.എസ് ബ്രഹ്മപുത്രയും 200ലേറെ നാവികരും മിന റാഷിദ് തുറമുഖത്ത് യോഗദിന പരിപാടിയില്‍ പങ്കുചേരും.
അന്നേദിവസം അബൂദബി ദേശീയ പ്രദര്‍ശന കേന്ദ്രത്തില്‍ (അഡ്നെക്) വൈകീട്ട് ആറു മുതല്‍ രാത്രി ഒമ്പതു വരെയും യോഗ പരിപാടി നടക്കുന്നുണ്ട്. ശൈഖ് നഹ്യാന് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ എംബസിയും അബൂദബി സ്പോര്‍ട്സ് കൗണ്‍സിലും അഡ്നെകും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.