ദുബൈ: യു.എ.ഇയിൽ നിക്ഷേപത്തിന് പൂർണമായും അനുകൂലമായ അന്തരീക്ഷമാണെന്നും ബിസിനസുകാരുടെ വിജയത്തിനും വളർച്ചക്കും എല്ലാ അവസരവും ഇവിടെ ലഭിക്കുന്നതായും ദുബൈ ആസ്ഥാനമായ ഭക്ഷ്യ പാക്കേജിങ് ഉൽപന്ന നിർമാണ-വിതരണ കമ്പനിയായ ഹോട്പാക്ക് ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ. ഇമാറാത്തി വാർത്ത ഏജൻസിയായ 'വാം'ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം യു.എ.ഇയിലെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെ പ്രകീർത്തിച്ചത്.
മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിൽ രാജ്യം മുന്നിലായത് വിദേശനിക്ഷേപം ആകർഷിക്കാൻ കാരണമാകുന്നു. രാജ്യനേതൃത്വത്തിെൻറ ഉൾക്കാഴ്ചയുള്ള സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടിൽ നിക്ഷേപകർ എന്നനിലയിൽ വലിയ ആത്മവിശ്വാസമുണ്ട്. ഇമാറാത്തിലെ മിക്ക ബിസിനസ് മേഖലകളും നല്ല വളർച്ചയിലാണ്. ഒാരോ വർഷവും പുതിയ ബിസിനസുകാർ വിപണിയിൽ പ്രവേശിക്കുന്നു. പ്രാദേശികമായും അന്തർദേശീയമായും നിരവധി സംരംഭകരും നിക്ഷേപകരും തങ്ങളുടെ ബിസിനസ് വിപുലീകരണത്തിനായി ഇവിടെ കടന്നുവരുന്നു -അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ യു.എ.ഇ നിയമം ദേശീയ, വിദേശനിക്ഷേപകർക്ക് ശക്തമായ പ്രചോദനം നൽകുന്നു. നിരവധി ആഗോള സൂചകങ്ങളിൽ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നായി മാറുക മാത്രമല്ല, സർഗാത്മകതയിലും മികവിലും താൽപര്യമുള്ള എല്ലാവരെയും ആകർഷിക്കുകയും സ്വതന്ത്രമായ ജീവിതത്തിെൻറയും സഹിഷ്ണുതയുടെയും സവിശേഷമായ ജീവിതശൈലിയും രൂപപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാടക, തടസ്സമില്ലാത്ത വൈദ്യുതി, ജലവിതരണം, തുറമുഖങ്ങൾക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രമുഖ സൈറ്റുകൾ, കാര്യക്ഷമമായ ആശയവിനിമയ ഇൻഫ്രാസ്ട്രക്ചർ, നൂതന റോഡുകൾ, കരയിലൂടെയും കടലിലൂടെയുമുള്ള ഗതാഗത മാർഗങ്ങൾ, തൊഴിലാളികൾക്കുള്ള സേവനങ്ങൾ തുടങ്ങിയവ രാജ്യത്തൈ ആകർഷകമാക്കുന്ന സവിശേഷതകളാണ്.
എെൻറ വിജയരഹസ്യം യു.എ.ഇയാണ്. അവസരങ്ങളുടെയും നന്മയുടെയും ദാനത്തിെൻറയും സഹിഷ്ണുതയുടെയും നാട്. രാജ്യം നിക്ഷേപപ്രക്രിയ സുഗമമാക്കുകയും എല്ലാ സംരംഭകർക്കും കമ്പനികൾക്കും കൂടുതൽ വിജയം നേടാൻ സഹായിക്കുന്ന അന്തരീക്ഷം ഒരുക്കുകയും ചെയ്തു -അദ്ദേഹം പറഞ്ഞു.
1995ൽ സ്ഥാപിതമായ ഹോട്ട്പാക്ക് ഗ്ലോബലിന് പശ്ചിമേഷ്യ, ബ്രിട്ടൻ, ആഫ്രിക്ക എന്നിവിടങ്ങളിലും വിപുലമായ ശൃംഖലയുണ്ട്. ഡിസ്പോസിബിൾ പേപ്പർ കപ്പുകൾ, ഫുഡ് സ്റ്റോറേജ് ബാഗുകൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ, ട്രേകൾ, ക്ലിയർ കണ്ടെയ്നറുകൾ, മൈക്രോവേവ് കണ്ടെയ്നറുകൾ, ഭക്ഷ്യപാത്രങ്ങൾ തുടങ്ങി മൂവായിരത്തിലധികം ഉൽപന്നങ്ങൾ കമ്പനി വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.