അബൂദബി: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് യു.എ.ഇ ഉൾപ്പെടെ ആറ് രാജ്യങ്ങൾക്ക് കൂടി ക്ഷണം. ബ്രിക്സ് അംഗരാജ്യങ്ങളുടെ എണ്ണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാൻ, ഇത്യോപ്യ, അർജന്റീന എന്നീ രാജ്യങ്ങളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ പറഞ്ഞു. നിലവിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ബ്രിക്സ് കൂട്ടായ്മ.
ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജൊഹാനസ്ബർഗിൽ മൂന്നു ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലാണ് അംഗങ്ങളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പുതിയ അംഗങ്ങൾക്ക് പ്രവേശനം അനുവദിക്കും. തീരുമാനം മുഴുവൻ അംഗങ്ങളും സ്വാഗതംചെയ്തു. എന്നാൽ, വിപുലീകരണ നടപടികളും അത് നടപ്പാക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല.
‘എല്ലാവരെയും ഉൾക്കൊള്ളുന്നതും അഭിവൃദ്ധി ആഗ്രഹിക്കുന്നതും ന്യായയുക്തവുമായ ഒരു ലോകത്തിനായി ബ്രിക്സ് ഒരു പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്ന് റമാഫോസ പറഞ്ഞു.
ബ്രിക്സിന്റെ തീരുമാനം യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സ്വാഗതം ചെയ്തു. യു.എ.ഇയെ കൂടി ഉൾപ്പെടുത്താനുള്ള ബ്രിക്സ് നേതൃത്വത്തിന്റെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. ലോകത്തുടനീളമുള്ള ജനങ്ങളുടെ അഭിവൃദ്ധിക്കും ഗുണത്തിനുമായുള്ള സഹകരണം തുടരുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.