ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ താരലേലത്തിന്റെ ചുരുക്കപ്പട്ടികയിൽ യു.എ.ഇയിലെ മൂന്നു മലയാളി താരങ്ങളും. യു.എ.ഇ നായകൻ സി.പി. റിസ്വാൻ, ഓൾറൗണ്ടർ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇവർക്കു പുറമെ ഇന്ത്യയിൽനിന്നുള്ള യു.എ.ഇ താരങ്ങളായ കാർത്തിക് മെയ്യപ്പൻ, വൃത്യ അരവിന്ദ്, അയാൻ അഫ്സൽ ഖാൻ എന്നിവരും പട്ടികയിലുണ്ട്.
അസോസിയേറ്റ് രാജ്യങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ താരങ്ങളുള്ള രണ്ടാമത്തെ രാജ്യവും യു.എ.ഇ ആണ്. നെതർലാൻഡ് (ഏഴ്), സിംബാബ്വെ (ആറ്), നമീബിയ (അഞ്ച്) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ താരങ്ങൾ. 277 വിദേശതാരങ്ങളാണ് പട്ടികയിൽ ആകെയുള്ളത്. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം. റിസ്വാനും ബാസിലിനും 30 ലക്ഷമാണ് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. മറ്റു നാല് പേർക്കും 20 ലക്ഷമാണ് അടിസ്ഥാന വില. ആദ്യമായാണ് യു.എ.ഇ ടീമിലെ ആറ് താരങ്ങൾ ചുരുക്കപ്പട്ടികയിൽ ഇടംപിടിക്കുന്നത്. 2017ൽ ഗുജറാത്ത് ലയൺസിനായി യു.എ.ഇ ഓപണർ ചിരാഗ് സുരിയെ ടീമിലെടുത്തിരുന്നു. ഐ.പി.എൽ യു.എ.ഇയിൽ നടന്നപ്പോൾ വിവിധ ടീമുകളുടെ ക്യാമ്പുകളിലും യു.എ.ഇ താരങ്ങൾ ഇടംനേടിയിരുന്നു.
ട്വന്റി-20 ലോകകപ്പിലെയും അടുത്തിടെ നടന്ന മറ്റു മത്സരങ്ങളിലെയും പ്രകടനമാണ് യു.എ.ഇ താരങ്ങൾക്ക് പട്ടികയിൽ ഇടംനൽകിയത്. യു.എ.ഇ ക്രിക്കറ്റിന് മികച്ച വർഷമായിരുന്നു ഇത്. ലോകകപ്പിന് യോഗ്യത നേടി എന്നു മാത്രമല്ല, ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനും ടീമിന് കഴിഞ്ഞു.ഐ.പി.എൽ ലേലത്തിൽ ഏറ്റവും കൂടുതൽ വിദേശ താരങ്ങളുള്ളത് ആസ്ട്രേലിയയിൽ നിന്നാണ്, 57 താരങ്ങൾ. ദക്ഷിണാഫ്രിക്ക (52), വെസ്റ്റിൻഡീസ് (33), ഇംഗ്ലണ്ട് (31) എന്നിങ്ങനെയാണ് മറ്റ് ടീമുകളിലെ താരങ്ങളുടെ എണ്ണം. യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്റർനാഷനൽ ലീഗ് ടി 20യിലെ ടീമുകളിലും റിസ്വാനും ബാസിലും അലിഷാനും ഇടംപിടിച്ചിരുന്നു.
യു.എ.ഇ നായകൻ സി.പി. റിസ്വാൻ ഗൾഫ് ജയന്റ്സിനായാണ് പാഡണിയുന്നത്. ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമാണിത്. മറ്റൊരു ഇന്ത്യൻ താരമായ അയാൻ ഖാനും ഈ ടീമിൽ തന്നെ ഇടംപിടിച്ചു. അതേസമയം, മറ്റൊരു മലയാളി താരമായ ബാസിൽ ഹമീദ് എം.ഐ എമിറേറ്റ്സിനായാണ് കളത്തിലിറങ്ങുന്നത്. പ്രമുഖ ഐ.പി.എൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ടീമാണ് എം.ഐ. എമിറേറ്റ്സ്. മറ്റൊരു മലയാളി താരം അലിഷാൻ ഷറഫു ഷാർജ വാരിയേഴ്സിൽ ഇടംനേടി. തമിഴ്നാട്ടിൽനിന്നുള്ള യു.എ.ഇ താരം കാർത്തിക് മെയ്യപ്പനും ഈ ടീമിലുണ്ട്. ഇപ്പോൾ നടക്കുന്ന എമിറേറ്റ്സ് ഡി -20യിലും യു.എ.ഇ താരങ്ങൾ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.