അബൂദബി: ഇറാൻ നടത്തിവരുന്ന ആണവോർജ നിർമാണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയിൽ കടുത്ത ആശങ്ക അറിയിച്ച് യു.എ.ഇ. തെഹ്റാന്റെ യുറേനിയം സമ്പുഷ്ടീകരണം യഥാർഥത്തിൽ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയല്ലെന്ന് യു.എന്നിന്റെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ (ഐ.എ.ഇ.എ) യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ഹമദ് അൽകാബി പറഞ്ഞു.
വിയന്നയിൽ നടന്ന ആണവ നിർവ്യാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് ഐ.എ.ഇ.എയുടെ ആശങ്കകൾ ഇറാൻ ദൂരീകരിക്കണം. അതോടൊപ്പം യു.എൻ പരിശോധന സംഘത്തോട് ഇറാൻ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015ൽ ആണവോർജ നിർവ്യാപന കരാറിൽനിന്ന് യു.എസ് പിൻവലിഞ്ഞതു മുതൽ ഇറാൻ നടത്തുന്ന യുറേനിയം ശേഖരണവും സമ്പുഷ്ടീകരണവും ആണവായുധ നിർമാണത്തിനാണെന്ന ആശങ്ക മേഖലയിൽ ശക്തമാണ്.
യു.എസിനെയും ഇറാനെയും ആണവനിർവ്യാപന കരാറിൽ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ രണ്ടു വർഷത്തിലധികമായി നടക്കുന്നുണ്ടെങ്കിലും യു.എ.ഇയെ കൂടാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ വിയന്നയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.