ദുബൈ: ദുബൈയുടെ ഷോപ്പിങ് മാമാങ്കത്തിന് ഡിസംബർ 17ന് കൊടിയേറും. എമിറേറ്റിലെ ഏറ്റവും ജനകീയമായ ഷോപ്പിങ് ഉത്സവമായ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ 26ാം എഡിഷനാണ് ഇക്കുറിയെത്തുന്നത്.കോവിഡ് കാലത്ത് ആഘോഷങ്ങൾക്ക് വിലക്കുകൽപിക്കാത്ത ദുബൈ ഇതുവരെ കാണാത്ത നിയന്ത്രണങ്ങളോടെയാണ് ഡി.എസ്.എഫിനെ വരവേൽക്കാൻ ഒരുങ്ങുന്നത്. ആറാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ 2021 ജനുവരി 30ന് സമാപിക്കും. ഷോപ്പിങ്ങിന് പുറമെ കുടുംബങ്ങൾക്കുള്ള വിനോദ പരിപാടികൾ, തത്സമയ സംഗീത പരിപാടി, ഇൻസ്റ്റലേഷൻസ്, സ്റ്റേജ് ഷോ തുടങ്ങിയവയും ഉണ്ടാവും. ഓഫറുകളുടെയും സമ്മാനങ്ങളുടെയും പെരുമഴക്കാലമാണ് ഡി.എസ്.എഫ്. പലരുടെയും ജീവിതം തന്നെ മാറ്റിമറിച്ച സമ്മാനങ്ങൾക്ക് വേദിയായിട്ടുണ്ട്
ഷോപ്പിങ് ഫെസ്റ്റിവൽ. ദുബൈ ഫെസ്്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെൻറ് (ഡി.എഫ്.ആർ.ഇ) ആണ് ഡി.എസ്.എഫ് സംഘടിപ്പിക്കുന്നത്. സാധാരണ ഡിസംബർ അവസാനത്തോടെയാണ് പരിപാടി നടക്കുന്നത്. എന്നാൽ, ഇക്കുറി ഒരാഴ്ച നേരത്തെ തുടങ്ങാനാണ് തീരുമാനം. അവധിക്കാലം ആഘോഷിക്കുന്നവർക്ക് ഇത് ഉപകാരപ്രദമാകും.ലോകപ്രശസ്ത താരങ്ങളുടെ സംഗീത നിശയോടെയായിരിക്കും ഈ സീസൺ തുടങ്ങുക. മാളുകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും വിനോദ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും നടക്കും. പുതുവത്സരത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികളുണ്ടാവും. ലക്ഷ്വറി കാറുകളും ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.കോവിഡിെൻറ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവൽ. എന്നാൽ, നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. വരുന്ന ദിവസങ്ങളിൽ ഡി.എസ്.എഫിെൻറ കൂടുതൽ ചിത്രം വെളിവാകും. കോവിഡിനെ തുടർന്ന് മന്ദഗതിയിലായ വിപണിക്ക് ഡി.എസ്.എഫ് ഉണർവേകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.