മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ വേനൽകാല കായികമേളയാണിത്

വേനൽകാലത്ത് കായിക മേഖലക്ക് വിശ്രമം ആവശ്യമുണ്ടോ ?. ഒരിക്കലും വേണ്ടെന്നാണ് അബൂദബി പറഞ്ഞുതരുന്നത്. ഈ ചൂടുകാലത്ത് മിഡ്ൽ ഈസ്റ്റിലെ ഏറ്റവും വലിയ വേനൽകാല കായിക മേള നടത്താനുള്ള തയാറെടുപ്പിലാണ് അബൂദബി സ്പോർട്സ് കൗൺസിലും നാഷനൽ എക്സിബിഷൻസ് കമ്പനിയും. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ രണ്ട് മാസം നീളുന്ന 'അബൂദബി സമ്മർ സ്പോർട്സിനാണ്' അങ്കത്തട്ടൊരുങ്ങുന്നത്. വേനൽകാലത്തും ജനങ്ങളിൽ ആരോഗ്യ സംരക്ഷണ ശീലം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് കൗൺസിൽ കായിക മേളയൊരുക്കുന്നത്.

അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിലെ എട്ട് മുതൽ 12 വരെ ഹാളുകളിലാണ് സമ്മർ സ്പോർട്സ് നടക്കുന്നത്. 27000 ചതുരശ്ര മീറ്ററിൽ 25ലേറെ ഇൻഡോർ ട്രാക്കുകളിൽ നടക്കുന്ന മേളയിൽ വ്യക്തികൾക്കും സംഘങ്ങൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം പങ്കെടുക്കാം. മൂന്ന് ഫുട്ബാൾ ഗ്രൗണ്ട്, രണ്ട് ഫൈവ്സ് ഫുട്ബാൾ ഗ്രൗണ്ട്, എട്ട് മിനി ടെന്നിസ് കോർട്ട്, മൂന്ന് ബാസ്ക്കറ്റ് ബാൾ കോർട്ട്, മൂന്ന് ബാഡ്മിന്‍റൺ കോർട്ട്, മൂന്ന് വോളിബാൾ കോർട്ട് എന്നിവ ഇവിടെ ഒരുങ്ങുന്നുണ്ട്. ഒരു കിലോമീറ്റർ നീളുന്ന റണ്ണിങ് ട്രാക്കിലൂടെ ഓട്ടമത്സരം നടക്കും. ക്രിക്കറ്റ് പിച്ചും ക്രോസ് ഫിറ്റ് ട്രാക്കും ഇവിടെയുണ്ട്. എല്ലാ പ്രായത്തിലുമുള്ളവർക്കും പങ്കെടുക്കാം. രാവിലെ എട്ട് മുതൽ രാത്രി ഒരു മണി വരെ കായിക മത്സരങ്ങൾ നടക്കും. കുട്ടികൾക്കായി പ്രത്യേക സ്ഥലമുണ്ട്. ഭക്ഷണം വാങ്ങാനും കഴിക്കാനുമുള്ള സൗകര്യവും ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു.

എങ്ങിനെ പങ്കെടുക്കാം

സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ക്ലബ്ബുകൾക്കുമെല്ലാം മുൻകൂട്ടി ബുക്ക് ചെയ്ത് ഇവിടെ മത്സരങ്ങൾ നടത്താം. www.adsummersports.ae എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. ഓരോ മത്സരങ്ങൾക്കും മണിക്കൂറുകൾക്കാണ് നിരക്ക്. പ്രധാന സമയങ്ങളിൽ നിരക്ക് കൂടും. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയുള്ള സമയത്താണ് കൂടുതൽ നിരക്ക്. ഈ സമയത്ത് ഫുട്ബാൾ മത്സരങ്ങൾക്ക് മണിക്കൂറിന് 360 ദിർഹം നൽകണം. മറ്റ് സമയങ്ങളിൽ മണിക്കൂറിന് 265 ദിർഹമാണ്. ശനി, ഞായർ ദിവസങ്ങളിൽ എല്ലാ സമയത്തും 360 ദിർഹമായിരിക്കും നിരക്ക്.

ക്രിക്കറ്റിന് മണിക്കൂറിന് 80 ദിർഹം മുതൽ 120 ദിർഹം വരെയാണ് നിരക്ക്. ബാഡ്മിന്‍റൺ കളിക്കണമെങ്കിൽ 35 ദിർഹം മുതൽ 45 ദിർഹം വരെ നൽകണം. ബാസ്കറ്റ്ബാൾ (90-155), പാഡൽ ടെന്നിസ് (290), വോളിബാൾ (90-155) എന്നിങ്ങനെയാണ് നിരക്ക്. അതേസമയം, റണ്ണിങ് ട്രാക്കും ക്രോസ്ഫിറ്റ് ഏരിയയും സൗജന്യമായി ഉപയോഗിക്കാം.

മികച്ച അവസരം

തണുപ്പ് കാലത്താണ് സാധാരണ കായിക മേളകൾ നടക്കുന്നത്. സ്ഥിരമായി ടൂർണമെന്‍റുകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾ പോലും വേനൽകാലത്ത് വിശ്രമം അനുവദിക്കുകയാണ് പതിവ്. എന്നാൽ, അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിലെത്തിയാൽ ഈ ചൂടൊന്നും അറിയാതെ കളിച്ചുതിമിർക്കാം. സ്ഥാപനങ്ങൾക്കാണ് ഇത് ഏറെ ഉപകാരപ്പെടുന്നത്. ജീവനക്കാരുടെ കായിക കൂട്ടായ്മകളും മത്സരവും ഇവിടെ നടത്താൻ കഴിയും. 

Tags:    
News Summary - It is the largest summer sports festival in the Middle East

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.