ദുബൈ: സാമ്പത്തിക, നിക്ഷേപ, വ്യാപാര മേഖലകളിൽ തന്ത്രപരമായ സഹകരണം കെട്ടിപ്പടുക്കുന്നത് സംബന്ധിച്ച് യു.എ.ഇ, ഇറ്റലി രാഷ്ട്രനേതാക്കളുടെ ചർച്ച. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെയോനിയുടെ യു.എ.ഇ സന്ദർശനത്തിലാണ് ഇരു രാജ്യങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിന് ചർച്ചകൾ നടന്നത്. ദ്വിദിന സന്ദർശനത്തിന് ശനിയാഴ്ച അബൂദബിയിലെത്തിയ മെലോനി, യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ചർച്ചയിൽ ഊർജ സുരക്ഷ, പുനരുപയോഗപ്രദമായ ഊർജം, സാങ്കേതിക വിദ്യകൾ, സുസ്ഥിര വികസനം എന്നിവ സംബന്ധിച്ച പൊതുവായ ആശങ്കകൾ പങ്കുവെച്ചു.
അബൂദബി അൽ ശാത്വി പാലസിൽ നടന്ന ഇരു ഭരണാധികാരികളുടെയും കൂടിക്കാഴ്ചയിൽ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ നിരവധി സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും പരസ്പര താൽപര്യമുള്ള വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനും സ്ഥിരതയും സുരക്ഷയും വർധിപ്പിക്കുന്നതിനും മികച്ച ഭാവി കൈവരിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾക്കും സഹകരണത്തിനും മുൻഗണന നൽകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി സംബന്ധിച്ചും ചർച്ച നടന്നു.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ കൃത്യമായ നിലപാടാണ് ഇറ്റലിക്കുള്ളതെന്നും യു.എ.ഇയുടേതിന് സമാനമായി 2050ൽ ക്ലൈമാറ്റ് ന്യൂട്രാലിറ്റി കൈവരിക്കുകയാണ് ലക്ഷ്യംവെക്കുന്നതെന്നും മെലോനി ചൂണ്ടിക്കാട്ടി. കോപ്28ൽ ഇറ്റലിയുടെ സജീവമായ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.