അൽഐൻ: ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷകൾ കഴിഞ്ഞതോടെ വസന്തകാല അവധിക്ക് തുടക്കം.
ഏഷ്യൻ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളുടെ അധ്യയനവർഷം വെള്ളിയാഴ്ചയോടെ അവസാനിച്ചു. മൂന്നാഴ്ചവരുന്ന അവധിക്കുശേഷം ഏപ്രിൽ 15ന് പുതിയ അധ്യയനവർഷം ആരംഭിക്കും. ഈദുൽ ഫിത്ർ അവധിയും ഈ വസന്തകാല അവധിയോടൊപ്പം ലഭിക്കും. ചില വിദ്യാലയങ്ങളിൽ വ്യത്യസ്ത ക്ലാസുകളിലെ പരീക്ഷ കഴിഞ്ഞതോടെ അവധി നേരത്തെ ആരംഭിച്ചിരുന്നു. പരീക്ഷ പേപ്പറുകളുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും ഈ കാലയളവിൽ നടക്കും. ഈ റമദാനിൽ ഏതാനും ദിവസങ്ങൾ മാത്രമാണ് വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടായത്.
സർക്കാർ സ്കൂളുകളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ വിദ്യാലയങ്ങളിലും മാർച്ച് 23 മുതലാണ് വസന്തകാല അവധി ആരംഭിക്കുക. രണ്ടാംപാദ പരീക്ഷകൾക്ക് ശേഷമാണ് ഈ വിദ്യാലയങ്ങൾ അടച്ചത്. അവധിക്കുശേഷം ഏപ്രിൽ 15നാണ് ഈ വിദ്യാലയങ്ങളും തുറക്കുക.
അധ്യാപകർക്കും ഇതര ജീവനക്കാർക്കും ഈദുൽ ഫിത്ർ അവധിയടക്കം രണ്ടാഴ്ചത്തെ അവധിയാണ് ലഭിക്കുക. പുതിയ ക്ലാസുകളിലേക്കുള്ള അഡ്മിഷനും പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും അധ്യാപക പരിശീലന പരിപാടികളും ഇക്കാലയളവിൽ വിദ്യാലയങ്ങളിൽ നടക്കും.
പുതിയ ക്ലാസുകളിലേക്കുള്ള പുസ്തക വിൽപനയും യൂനിഫോം വിൽപനയുമായി ഇനിയുള്ള ദിവസങ്ങൾ വിദ്യാലയങ്ങളിൽ രക്ഷിതാക്കളെക്കൊണ്ട് സജീവമാകും.
സി.ബി.എസ്.സി പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടക്കുന്നത് ഈ സമയത്താണ്. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ മാർച്ച് 13 ഓടെ അവസാനിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ രണ്ടിനാണ് അവസാനിക്കുക. ജൂലൈ ഒന്ന് മുതലാണ് യു.എ.ഇയിലെ സ്കൂളുകളിൽ മധ്യവേനൽ അവധി ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.