ദുബൈ: തൂക്കുമരത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണൻ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് തിരിക്കും. നിലവിൽ അബൂദബി അൽ വത്ബ ജയിലിൽ കഴിയുന്ന ബെക്സിനെ അധികൃതർ തന്നെ നേരിട്ട് വിമാനത്താവളത്തിൽ എത്തിക്കും. രാത്രി 8.20ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന ഇത്തിഹാദ് വിമാനത്തിലാണ് യാത്ര. ബുധനാഴ്ച പുലർച്ചെ 1.45ന് കൊച്ചിയിലെത്തും. നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട്പാസ് കഴിഞ്ഞ ദിവസം അധികൃതർ നൽകിയിരുന്നു.
സുഡാനി ബാലന്‍റെ മരണത്തിനിടയാക്കിയ അപകടത്തെ തുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബെക്സ് കൃഷ്ണന് തുണയായത് വ്യവസായി എം.എ. യൂസുഫലിയുടെ ഇടപെടലാണ്. സുഡാനിലുള്ള കുടുംബത്തെ അബൂദബിയിലെത്തിച്ച് നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബെക്സിന് മാപ്പ് കൊടുക്കാൻ തയാറായത്. കോടതിയിൽകെട്ടിവെക്കാനുള്ള ഒരു കോടി രൂപ ദിയാദനവും യൂസുഫലിയാണ് നൽകിയത്.
മടങ്ങുന്നതിന് മുൻപ് യൂസുഫലിയെ കാണണമെന്ന് ബെക്സ് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കാണാൻ സാധ്യത കുറവാണെന്ന് ലുലു അധികൃതർ അറിയിച്ചു. കേസിൽ ഉൾപട്ട വ്യക്തി ആയതിനാൽ അധികൃതർ തന്നെ നേരെ വിമാനത്താവളത്തിലെത്തിക്കും. എട്ട് വർഷമായി അബൂദബി ജയിലിൽ കഴിയുന്ന ബെക്സ് മടങ്ങിയെത്തുന്നതും കാത്തിരിക്കുകയാണ് തൃശൂരുള്ള കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.