റാസല്‍ഖൈമ: ശരത്കാലം വിരുന്നെത്തിയതോടെ യു.എ.ഇയുടെ ഉയരങ്ങളില്‍ പ്രകൃതി ഒരുക്കിയ മനോഹര വിനോദകേന്ദ്രമായ റാസല്‍ഖൈമ ജബല്‍ ജൈസിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. യാത്രയിലുടനീളം വന്യമായ അനുഭൂതി നല്കുന്ന ജബല്‍ ജൈസില് അധികൃതര്‍ കൂടുതല്‍ സാഹസിക -വിനോദ- അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അടുത്തവാരം പ്രവര്‍ത്തനം ആരംഭിക്കുന്ന യു.എ.ഇയുടെ ഏറ്റവും ഉയരത്തിലുള്ള ഭക്ഷണശാലയോടൊപ്പം ബീയ്ര് ഗ്രില്‍സ് എക്സ്പോളേര്സ് ക്യാമ്പിെൻറ (ബി.ജി.ഇ.സി) പ്രവര്‍ത്തനവും ഒക്ടോബറില്‍ ജബല്‍ ജൈസില് തുടങ്ങുമെന്ന പ്രഖ്യാപനവും സന്ദര്‍ശകരില്‍ ആകാംഷയുണർത്തി.
ബീയ്ര് ഗ്രില്‍സ് സര്‍വൈവല്‍ അക്കാദമിയില്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനവും നല്‍കും. യു.കെ കേന്ദ്രമായ ബി.ജി.ഇ.സിയുടെ മിഡില്‍ ഈസ്റ്റിലെ പ്രഥമ സംരംഭമാണ് ജബല്‍ ജൈസിലേതെന്നതും ശ്രദ്ധേയമാണ്. ഇതോടനുബന്ധിച്ചുള്ള ഹോട്ടല്‍ സംവിധാനം 2021ല്‍ പ്രവര്‍ത്തനസജ്ജമാകും. രണ്ടുവര്‍ഷം മുമ്പ് ലോകത്തിലെ നീളമേറിയ സിപ്പ്ലൈന്‍ ജബല്‍ ജൈസില് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ഗിന്നസ് റെക്കോഡ് നേടിയ സിപ്പ്ലൈന്‍ സമാന്തരമായി പുതിയ രണ്ട് സിപ്പ്ലൈന്‍ കൂടി അധികൃതര്‍ ഇവിടെ ഒരുക്കിയിരുന്നു. പ്രകൃതി കനിഞ്ഞുനല്കിയ വിസ്മയ കാഴ്ചകള്‍ക്കൊപ്പം അധികൃതരുടെ മുന്‍കൈയില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് സാഹസിക വിനോദസഞ്ചാരികള്‍ക്ക് മാത്രം പ്രാപ്യമായിരുന്ന ജബല്‍ ജൈസിനെ സാധാരണക്കാര്‍ക്കും ലഭ്യമാക്കിയത്.
റാസല്‍ഖൈമയുടെ വിനോദ മേഖലയെ ഉയരങ്ങളിലെത്തിച്ച ജബല്‍ ജൈസ് റോഡ് നിര്‍മാണത്തിനുപിന്നില്‍ 2004 ഒക്ടോബറില്‍ അന്നത്തെ റാസല്‍ഖൈമ ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ നേതൃത്വത്തിലെ തീരുമാനമായിരുന്നു. 31.3 മില്യന്‍ ഡോളറാണ് ഇതിന് വകയിരുത്തിയത്. 2005ല്‍ ജനറല്‍ മെക്കാനിക് കമ്പനി (ജി.എം.സി) നിര്‍മാണം തുടങ്ങിയെങ്കിലും ഇടക്കാലത്തെ സാമ്പത്തിക മാന്ദ്യം നിര്‍മാണം മന്ദഗതിയിലാക്കി.
2013 മുതലാണ് മലയാളികള്‍ ഉള്‍പ്പെടെ കൂടുതലായി ജബല്‍ ജൈസില് എത്തിത്തുടങ്ങിയത്. മലമുകളിലേക്കുള്ള യാത്രക്ക് രണ്ടുവരിയും തിരികെ യാത്രക്ക് ഒറ്റ വരിയുമായാണ് പാത. ഇരുവശവും ഡിവൈഡറുകള്‍ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇടവിട്ട ദൂരങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും യാത്രികര്‍ക്ക് വിശ്രമിക്കുന്നതിനുമായി പ്രത്യേക സ്ഥലങ്ങള്‍ ഇപ്പോള്‍ നവീന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. വിശ്രമ സ്ഥലങ്ങളില്‍ ദൂരദര്‍ശിനികള്‍ സ്ഥാപിച്ചതും ആകര്‍ഷണമാണ്.
നിരവധി ഹെയര്‍ പിന് വളവുകളോടെ പാത നിര്‍മാണം പൂര്‍ത്തിയായതോടെ യു.എ.ഇയുടെ പൂന്തോട്ട നഗരിയായ അല്‍ ഐനിലെ ജബല്‍ ഹഫീത്തിന് പൗരാണിക ചരിത്രമുറങ്ങുന്ന റാസല്‍ഖൈമയുടെ ജബല്‍ ജൈസിന് മുന്നില്‍ വഴിമാറേണ്ടിവന്നു. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ജബല്‍ ഹഫീത്തിന് സമുദ്ര നിരപ്പില്‍ നിന്ന് 1249 മീറ്റര്‍ ഉയരമുള്ളപ്പോൾ ജബല്‍ ജൈസിന് 1737-1900 മീറ്റര്‍ ഉയരമാണ്. അല്‍ ഐനിലെ ഗ്രീന്‍ മുബശ്ശറയില്നിന്ന് 11.7 കിലോമീറ്റര്‍ മാത്രമാണ് ജബല്‍ ഹഫീത്ത് പര്വതമുകളിലേക്കെങ്കിൽ റാക് അല്‍ നഖീല്‍ പട്ടണത്തില്‍നിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാലാണ് ജബല്‍ ജൈസ് പര്‍വതത്തിെൻറ ഉച്ചിയിലെത്താനാവുക. ഇതില്‍ 21 കിലോമീറ്ററോളം പാറ തുരന്നു നിര്‍മിച്ചതാണ്. ഇതര എമിറേറ്റുകളില്‍ നിന്നെത്തുന്നവര്‍ക്ക് റാക് പട്ടണത്തില്‍ പ്രവേശിക്കാതെ പുതിയ എമിറേറ്റ്സ് റോഡിലൂടെ ജബല്‍ ജൈസിലെത്താം.
തണുപ്പ് കാലമായാല്‍ ജബല്‍ ജൈസിൽ മഞ്ഞുവീഴ്ചയുണ്ട്. വര്‍ഷാദ്യം ഇവിടെ 12 ഡിഗ്രിയാണ് താപനില. ജലനിരപ്പില്‍നിന്നും 1900 മീറ്റര്‍ ഉയരമുള്ള ജബല്‍ ജൈസ് 2004ലാണ് ആദ്യമായി മഞ്ഞണിഞ്ഞത്. 2009ലും 2012ലും 2017ലും മഞ്ഞുവീഴ്ചയുണ്ടായി. 2020 ജനുവരിയിലും മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തെങ്കിലും മലനിര മുഴുവൻ മഞ്ഞ് പുതഞ്ഞില്ല.
സന്ദര്‍ശക സുരക്ഷ കണക്കിലെടുത്ത് കുറ്റമറ്റ സംവിധാനങ്ങളൊരുക്കിയ അധികൃതര്‍ പരിസ്ഥിതി നിയമലംഘകര്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളുടെ കാര്യത്തിലും കര്‍ക്കശ നിലപാടിലാണ്. മുഴുസമയ പട്രോളിങ് സംവിധാനമുള്ള ഇവിടെ വാഹനങ്ങളില്‍ നിന്നും അലക്ഷ്യമായി പേപ്പര്‍ പുറത്തിട്ടാലും ശിക്ഷ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.