റാസല്‍ഖൈമ: യു.എ.ഇയിലെ പല എമിറേറ്റുകളെയും നിശ്ചലമാക്കിയ മഴ ദിനത്തില്‍ കോടമഞ്ഞിന്റെയും മഴത്തുള്ളി കിലുക്കത്തിന്റെയും അഴകുവിരിച്ച് റാസല്‍ഖൈമ ജബല്‍ ജെയ്സ്. മഴ ആസ്വദിക്കാന്‍ നിരവധിയാളുകളാണ് ശനിയാഴ്ച ജെയ്സ് മലനിരയിലെത്തിയത്. ഉറവ പൊട്ടിയ പ്രതീതി ജനിപ്പിച്ച് ഗിരിശൃംഗങ്ങളില്‍ മലവെള്ളം നീര്‍ച്ചാലുകള്‍ തീര്‍ത്തത് മലയാളികള്‍ക്ക് ഗൃഹാതുര കാഴ്ചയായി.
ജെയ്സ് മലനിരയിലേക്കുള്ള യാത്രയില്‍ ഊഷര കാഴ്ചകള്‍ സമ്മാനിക്കുന്ന പാറമടക്കുകളും തടയണകളും താഴ്വാരങ്ങളും മഴ ദിനത്തില്‍ സന്ദര്‍ശകരുടെ മനംനിറച്ചു. അധികൃതരുടെ ജാഗ്രതനിർദേശങ്ങള്‍ പാലിച്ച് മാത്രമെ അസ്ഥിര കാലാവസ്ഥകളില്‍ ജബല്‍ ജെയ്സ് യാത്ര സാധ്യമാവുകയുള്ളൂ. പര്‍വതനിരകള്‍ക്ക് സമീപത്തെ ഗ്രാമങ്ങളില്‍ നിരവധി തദ്ദേശീയര്‍ താമസിക്കുന്നുണ്ട്.
മഴ നാളുകളില്‍ മലനിരകള്‍ക്ക് സമീപം ഒരുക്കിയിട്ടുള്ള തടയണകളാണ് ജനവാസ മേഖലകളിലേക്കുള്ള വെള്ളപ്പാച്ചിലിന് തടയിടുന്നത്. അല്‍ ബറൈറാത്ത്, അല്‍ ഗലീല, മനാമ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് സ്ഥാപിച്ചിട്ടുള്ള ഡാമുകള്‍ കാര്ഷികാവശ്യങ്ങള്ക്കൊപ്പം മലവെള്ളം തടുത്തു നിര്‍ത്തുകയും ചെയ്യുന്നു.
പര്‍വത നിര്‍വചനത്തിൽപെടുന്ന 900 മീറ്ററിലധികം ഉയരവും ഉപരിതലത്തിന്റെ പകുതിഭാഗം ചെങ്കുത്തായ ചെരിവുമുള്ള ഭൂപ്രദേശങ്ങള്‍ യു.എ.ഇയില്‍ ഏറെയുണ്ടെങ്കിലും സാധാരണക്കാര്‍ ഇവിടങ്ങളില്‍ എത്തിപ്പെടാറില്ല. വിശാലമായ റോഡ് വന്നതോടെയാണ് സാധാരണക്കാരുടെയും ഇഷ്ട വിനോദകേന്ദ്രമായി ജബല്‍ ജെയ്സ് മാറിയത്. സമുദ്രനിരപ്പില്‍നിന്ന് 1737 മീറ്റര്‍ ഉയരത്തിലാണിത്. റാസല്‍ഖൈമയുടെ വിനോദ വ്യവസായ രംഗത്ത് വന്‍ പുരോഗതി സാധ്യമാക്കിയ ജബല്‍ ജൈസ് റോഡ് നിര്‍മാണമാരംഭിച്ചത് 2004 ഒക്ടോബറിലാണ്.
അന്നത്തെ റാസല്‍ഖൈമ ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ലോകത്തിലെ ഏറ്റവും നീളമേറിയ സിപ്പ് ലൈന്‍, യു.എ.ഇയിലെ ഉയരത്തിലുള്ള റസ്റ്റാറന്റ് തുടങ്ങി സാഹസിക സഞ്ചാരികള്‍ക്കായുള്ള വിനോദകേന്ദ്രങ്ങളും ജബല്‍ ജെയ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.