റാസല്‍ഖൈമ: സ്കൂള്‍ ശൈത്യകാല അവധി-ക്രിസ്മസ്-പുതുവത്സര ദിനങ്ങളില്‍ സന്ദര്‍ശകരാല്‍ നിറഞ്ഞ് റാക് ജബല്‍ ജൈസ്. രാജ്യം സുഖകരമായ കാലാവസ്ഥയിലേക്ക് പ്രവേശിക്കുമ്പോള്‍ വിവിധ എമിറേറ്റുകളിലുള്ളവരുടെ ഉല്ലാസ കേന്ദ്ര പട്ടികയില്‍ പ്രഥമ സ്ഥാനത്താണ് ജൈസ് മലനിര. പ്രവേശന ഫീസ് ഇല്ലാത്തതും കുത്തനെയുള്ള നിരവധി ഹെയര്‍പിന്‍ വളവുകളിലൂടെയുള്ള വാഹന യാത്രയും സന്ദര്‍ശകരുടെ മനം നിറക്കുന്നതാണ്.
താഴ്വാരങ്ങളില് സമയം ചെലവഴിച്ചും വിനോദത്തിലേര്പ്പെട്ടുമാണ് കുടുംബങ്ങളും കുട്ടികളുമായെത്തുന്നവര്‍ മലകയറുന്നത്. ആധുനിക വാസ്തുവിദ്യ തലകുനിക്കുന്നതാണ് വന്യവും മനോഹരവുമായ അനുഭൂതി നിറക്കുന്ന പര്‍വതനിരയുടെ ചാരുത. മലനിരയുടെ മുകളിലെത്തുന്നതിനുമുമ്പ് ഇടക്കിടെ സംവിധാനിച്ചിട്ടുള്ള വിശ്രമ കേന്ദ്രങ്ങളിലെല്ലാം പുതുവര്‍ഷ ദിനത്തില്‍ വാഹനങ്ങളാല്‍ നിറഞ്ഞു. റോഡിനിരുവശവും വാഹനങ്ങളുടെ നീണ്ട നിരയും രൂപപ്പെട്ടു. യു.എ.ഇയിലെ ഏറ്റവും ഉയരത്തിലുള്ള ജബല്‍ ജൈസിലെ റസ്റ്റാറന്റിലെത്തിയത് നൂറുകണക്കിന് വിദേശികളാണ്.
ജബല്‍ ജൈസ് വഴി പൂര്‍ണമായും അധികൃതരുടെ നിരീക്ഷണത്തിലാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രത്യേക ഊന്നലാണ് ഈ മേഖലയില്‍ ഒരുക്കിയിട്ടുള്ളത്. മാലിന്യം അലക്ഷ്യമായി പുറത്തിടുന്നവര്‍ക്ക് പിഴ ഉറപ്പ്. നിശ്ചയിച്ചയിടങ്ങളില്‍ മാത്രമേ ഭക്ഷണം പാകം ചെയ്യാന്‍ അനുമതിയുള്ളൂ. റോഡരികില്‍ വേസ്റ്റ് ബിന്നിനോടനുബന്ധിച്ച് ബാര്‍ബിക്യൂവിന് സൗകര്യവുമുണ്ട്. ലോകത്തിലെതന്നെ ഏറ്റവും നീളമേറിയ സിപ് ലൈന്‍, സ്ലഡര്, സാഹസിക ട്രക്കിങ് തുടങ്ങിയവ ആസ്വദിക്കുന്നതിനും നിരവധി സന്ദര്‍ശകരാണ് റാസല്‍ഖൈമ ജബല്‍ ജൈസിലെത്തുന്നത്. തണുപ്പേറിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ ജബൽ ജൈസിലേക്ക് ആകര്‍ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.