ഷാർജ: അൽ മംസാർ ബീച്ചിൽ ജെറ്റ് സ്കീകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരി മരിച്ചു. സഹോദരന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് അപകടം റിപ്പോർട്ട് ചെയ്തത്. ഷാർജ പൊലീസ് പട്രോളിങ് ടീമും ദേശീയ ആംബുലൻസ് സംഘവും ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപെട്ടത് സഹോദരങ്ങളായ മൂന്നു പേരാണ്. യുവതിയും 20കാരനായ സഹോദരനും ഓടിച്ച ജെറ്റ് സ്കീയിൽ മറ്റൊരു സഹോദരൻ ഓടിച്ച ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഷാർജ പൊലീസ് അറിയിച്ചു.
യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ 20കാരനെ ഷാർജ കുവൈത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നാമത്തെ സഹോദരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അപകടത്തിൽപെട്ടവരുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അപകട കാരണവും വ്യക്തമല്ല. സംഭവത്തിൽ ബുഹൈറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തീകരിക്കാനും കേസ് ഫയൽ ചെയ്യാനുമായി ജെറ്റ് സ്കീ വാടകക്കു നൽകുന്ന ഷോപ്പുടമയെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട യുവാവിനെ പബ്ലിക് പ്രോസിക്യൂഷൻ വിട്ടയച്ചിട്ടുണ്ട്. ഇയാളെ പിന്നീട് ചോദ്യംചെയ്യാനായി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.