ദുബൈ: ദുബൈയിൽ ജോലി തട്ടിപ്പിനിരയായ മലയാളി യുവാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. തങ്ങളെ സഹായിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പരാതി അയച്ചത്. അതേസമയം, യുവാക്കൾക്ക് ഭക്ഷണവും ജോലിയും നൽകാൻ സന്നദ്ധത അറിയിച്ച് വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നു.
സെക്യൂരിറ്റി ജോലിവാഗ്ദാനം ചെയ്താണ് കേരളത്തിെൻറ വിവിധ ജില്ലകളിലുള്ള യുവാക്കളും ഇതര സംസ്ഥാനക്കാരും അടക്കം 40ഓളം പേരെ തട്ടിപ്പിനിരയാക്കിയത്. ലക്ഷത്തോളം രൂപ കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. ചില ട്രാവൽ ഏജൻറുമാരുടെ സഹായത്തോടെയാണ് ഇവരെ വിസിറ്റ് വിസയിൽ ദുബൈയിലെത്തിച്ചത്. ഏപ്രിൽ മൂന്നിന് ഒപ്പുവെച്ചകരാർ പ്രകാരം 1800 ദിർഹം (36,000 രൂപ) ശമ്പളവും താമസവും നൽകാമെന്നായിരുന്നു വാഗ്ദാനം. സെക്യൂരിറ്റി ഗാർഡിന് സർക്കാർ നൽകുന്ന സിറ കാർഡ് കിട്ടിയാൽ 2260 ദിർഹം (45,000 രൂപ) ശമ്പളം നൽകാമെന്നും പറഞ്ഞു.
പാം ജുമൈറയിൽ നിർമാണം നടക്കുന്ന ഹോട്ടലിെൻറ സെക്യൂരിറ്റി ഗാർഡായി പല ഷിഫ്റ്റിൽ ഇവരെ നിയോഗിച്ചു. എന്നാൽ, രണ്ട് മാസമായിട്ടും ശമ്പളം ലഭിച്ചില്ല. ഇതോടെയാണ് പരാതിയുമായി യുവാക്കൾ കോൺസുലേറ്റിലെത്തിയത്.വിസിറ്റ് വിസയുടെ കാലാവധി പിന്നിട്ടതോടെ നാട്ടിലേക്ക് മടങ്ങാൻ വൻതുക പിഴ നൽകേണ്ട അവസ്ഥയാണ്. കൂടുതൽ പേർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ കൂടിയാണ് യുവാക്കൾ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റും ഇവരുടെ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. താമസിക്കാൻ ഇടമില്ലാത്തതും ഭക്ഷണമില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
വാർത്തയെ തുടർന്ന് ഇവർക്ക് ഭക്ഷണമെത്തിക്കാനും ജോലി നൽകാനും സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ഉള്ളതെല്ലാം വിറ്റുപെറുക്കി ജോലിക്ക് എത്തിയ യുവാക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ല. ഇവിടെത്തന്നെ ജോലി ചെയ്യാനാണ് താൽപര്യമെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.