തൊഴിലന്വേഷകരുടെ വിസ പ്രവാസികൾക്ക് തുണയാകും

ദുബൈ: പുതിയ വിസ പരിഷ്കാരങ്ങൾ തിങ്കളാഴ്ച മുതൽ നടപ്പിലായിത്തുടങ്ങിയപ്പോൾ പ്രവാസികൾക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത്, തൊഴിലന്വേഷകർക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട 'ജോബ് എക്സ്പ്ലൊറേഷൻ വിസ'. ഇതോടെ സന്ദർശക വിസയിലെത്തി ജോലി അന്വേഷിക്കുന്നത് ഒഴിവാക്കാനും കൂടുതൽ സമയം യു.എ.ഇയിൽ കഴിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ടൂറിസ്റ്റ് വിസ നേരത്തെ 90 ദിവസത്തേക്കാണ് ലഭിച്ചിരുന്നത്. എന്നാൽ, തൊഴിലന്വേഷിക്കുന്നവരുടെ വിസക്ക് 120 ദിവസം വരെ കാലാവധിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ലഭ്യമായ ജോലി സാധ്യതകൾ അന്വേഷിക്കുന്നതിന് യുവാക്കളെ പ്രചോദിപ്പിക്കുക എന്നതാണ് ഈ സിംഗിൾ എൻട്രി പെർമിറ്റ് വിസയിലൂടെ ലക്ഷ്യംവെക്കുന്നത്. അതുപോലെ ഈ വിസ ലഭിക്കുന്നതിന് സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല എന്നതും സൗകര്യപ്രദമാണ്.

വിസ ലഭിക്കാനുള്ള യോഗ്യത

മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം തരംതിരിച്ച ഒന്ന്, രണ്ട്, മൂന്ന് സ്കിൽ വിഭാഗങ്ങളിൽപെട്ട, ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് വിസ അനുവദിക്കുക. ഈ വിഭാഗക്കാർക്ക് അറ്റസ്റ്റഡ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കും. മാനേജർ, എൻജിനീയർ, സേഫ്റ്റി ഓഫിസർ, പബ്ലിക്ക് റിലേഷൻസ് ഓഫിസർ, ഡോക്ടർ, ക്വാണ്ടിറ്റി സർവേയർ, റിസർവേഷൻ ഓഫിസർ എന്നിവരാണ് സ്‌കിൽ ലെവൽ-1ൽ ഉൾപ്പെടുന്നത്. സ്കിൽ ലെവൽ-2ൽ മെക്കാനിക്കൽ, ടെക്നിക്കൽ ജോലികളാണ് ഉൾപ്പെടുന്നത്. സ്‌കിൽ ലെവൽ-3ൽ സെയിൽസ് എക്‌സിക്യൂട്ടിവ്, സെയിൽസ് റപ്രസന്‍റേറ്റിവ്, സൈറ്റ് സൂപ്പർവൈസർ, ടിക്കറ്റിങ് ക്ലർക്ക്, കാഷ്യർ, റിസപ്ഷനിസ്റ്റ്, കാഷ് ഡെസ്‌ക് ക്ലർക്ക്, സെയിൽസ് സൂപ്പർവൈസർ, സ്റ്റോർ കീപ്പർ, ടൂറിസ്റ്റ് ഗൈഡ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടും. ലോകത്തിലെ ഏറ്റവും മികച്ച 500 സർവകലാശാലകളിൽ നിന്നുള്ള പുതിയ ബിരുദധാരികൾക്കും ഈ വിസക്ക് അപേക്ഷിക്കാം.

വിസ സർവിസ് ഫീസ്

തൊഴിൽ അന്വേഷണ വിസ ലഭിക്കുന്നതിനുള്ള ഫീസ് 60, 90, 120 ദിവസ കാലാവധികളിൽ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച് വ്യത്യസ്തമായിരിക്കും. 60 ദിവസത്തേക്ക് 1495 ദിർഹം, 90 ദിവസത്തേക്ക് 1655 ദിർഹം, 120 ദിവസത്തേക്ക് 1815 ദിർഹം എന്നിങ്ങനെയാണ് ഫീസ്. 1,025 ദിർഹം സെക്യൂരിറ്റി ഡെപ്പോസിറ്റും ഇൻഷുറൻസും ഫീസിൽ ഉൾപ്പെടും.

അപേക്ഷിക്കേണ്ടത് എവിടെ

വിസക്ക് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) വെബ്‌സൈറ്റിലോ, കസ്റ്റമർ കെയർ സെന്‍ററുകളോ അംഗീകൃത ടൈപ്പിങ് സെന്‍ററുകൾ വഴിയോ അപേക്ഷിക്കാം. പാസ്‌പോർട്ട് കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷകർ സമർപ്പിക്കണം.

Tags:    
News Summary - Job seekers visa will help expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.