അബൂദബി: നാലു വർഷത്തിനുള്ളിൽ അഡ്നോകിന്റെ വിതരണ ശൃംഖലയിൽ യു.എ.ഇ പൗരന്മാർക്കായി സ്വകാര്യ മേഖലയിൽ 13,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അഡ്നോകും ഇമാറാത്തി ടാലന്റ് കോംപറ്റീറ്റിവ്നെസ് കൗൺസിലും ധാരണയായി. നാഫിസ് നേതൃ പദ്ധതിയുടെ ഭാഗമായി ഇതുസംബന്ധിച്ച കരാറിൽ ഇരുകൂട്ടരും ഒപ്പുവെക്കുകയും ചെയ്തു. വരുന്ന മൂന്നു വർഷത്തിനുള്ളിൽ സ്വദേശികൾക്കായി സ്വകാര്യമേഖലയിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നിർമിത ബുദ്ധി, എൻജിനീയറിങ്, നിർമാണ മേഖല എന്നീ നൂതന മേഖലകളിൽ ഉയർന്ന വൈദഗ്ധ്യമാവശ്യമുള്ള ജോലികൾ ലഭ്യമാക്കാനുമുള്ള യു.എ.ഇയുടെ ലക്ഷ്യങ്ങൾക്കു കരുത്തുപകരുന്നതാണ് കരാർ. കരാറിന്റെ ഭാഗമായി അൽ ധഫ്ര മേഖലയിൽ യു.എ.ഇ പൗരന്മാർക്കായി തൊഴിൽ പരിശീലനങ്ങൾ നൽകും.
നാഫിസ് അപ്രന്റിസ് പദ്ധതിയിലൂടെ അഡ്നോകിന്റെ വിതരണശൃംഖലയിലെ സ്വകാര്യ കമ്പനികളിലായി യു.എ.ഇ യൂനിവേഴ്സിറ്റി ബിരുദധാരികൾക്കായി 1000 തൊഴിൽ പരിശീലന അവസരവും ഒരുക്കി നൽകും.
പ്രാദേശിക പ്രതിഭകളെ ശാക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നത് അഡ്നോകിന്റെ മുഖ്യ പരിഗണനയാണെന്ന് വ്യവസായ, അത്യാധുനിക സാങ്കേതികവിദ്യ മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു.
യു.എ.ഇയുടെ വ്യവസായ, സാമ്പത്തിക വളർച്ചക്ക് സംഭാവനകൾ നൽകുന്നതിനായി പര്യാപ്തമാക്കാനാണ് പ്രാദേശിക പ്രതിഭകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നാഫിസ് പദ്ധതിയിലൂടെ നൽകുന്നതെന്നും ഇതിലൂടെ ലോകത്തിന് വിശ്വസനീയവും ഉത്തരവാദിത്തമുള്ള ഊർജ വിതരണം ഉറപ്പുവരുത്താൻ തങ്ങൾക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
2018ൽ അഡ്നോക് ഇൻ കൺട്രി വാല്യു പദ്ധതി ആരംഭിച്ചതു മുതൽ വിതരണ ശൃംഖലയിലെ സ്വകാര്യ മേഖലയിൽ 11,500 സ്വദേശികൾക്ക് ജോലി നൽകാൻ കഴിഞ്ഞു. പുതിയ കരാർ പ്രകാരം 2028ഓടെ ഇത് 25,000 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.