ദുബൈ: അബൂദബിയിൽനിന്ന് ലണ്ടനിലെത്താൻ 9000 കി.മീറ്ററിലേറെ ദൂരമുണ്ട്. പൊതുവേ ആരുംതന്നെ 14 രാജ്യങ്ങൾ കടന്ന് യു.എ.ഇയിൽനിന്ന് ബ്രിട്ടനിലേക്ക് റോഡുമാർഗം യാത്ര തിരഞ്ഞെടുക്കാറില്ല. എന്നാൽ, സുൽത്താൻ അൽ നഹ്ദിയും തിയാബ് അൽ മൻസൂരിയും അതിസാഹസികമായ അങ്ങനെയൊരു യാത്ര പൂർത്തിയാക്കിയിരിക്കുകയാണ്.
വ്യത്യസ്തമായൊരു ലക്ഷ്യമാണ് ഈ ഉദ്യമത്തിന് രണ്ട് ഇമാറാത്തികളെ പ്രചോദിപ്പിച്ചത്. രാജ്യത്തിന്റെ പാസ്പോർട്ടിന്റെ കരുത്ത് ലോകത്തിന് പരിചയപ്പെടുത്തണം എന്നതാണത്. യു.എ.ഇ പാസ്പോർട്ട് കൈവശമുള്ളവർക്ക് 179 രാജ്യങ്ങളിലേക്ക് വിസ ഫ്രീ എൻട്രി ലഭ്യമാണ്. ഇതുപയോഗിച്ച് നേരത്തെ വിസയെടുക്കാതെ അതിർത്തികൾ കടന്നുപോകാൻ സാധിക്കും. ഇതുപയോഗപ്പെടുത്തിയാണ് തടസ്സമില്ലാതെ ലണ്ടനിലെത്താൻ ഇരുവർക്കും സാധിച്ചതെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ഇരുവരും പങ്കുവെച്ചു.
ലോകത്ത് യു.എ.ഇ എന്ന രാജ്യത്തിനുള്ള വിശിഷ്ടമായ പദവിയും പാസ്പോർട്ടിന്റെ കരുത്തുമാണ് യാത്രയെ യാഥാർഥ്യമാക്കിയതെന്ന് ഇരുവരും പറയുന്നു. അറബികൾക്കിടയിൽ ഏറെ ജനപ്രിയമായ ടൊയോട്ട ലാൻഡ് ക്രൂസറാണ് യാത്രക്ക് ഉപയോഗിച്ചത്. അബൂ ശനബ് എന്ന പേരിലാണിത് സ്വദേശികൾക്കിടയിൽ അറിയപ്പെടുന്നത്. വാഹനത്തിൽ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാന്റെ ചിത്രങ്ങൾ പതിച്ചിരുന്നു.
കൃത്യമായ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് യാത്ര ആരംഭിച്ചത്. 30 ദിസത്തോളം എടുത്താണ് ലക്ഷ്യസ്ഥാനത്ത് ഇരുവരും എത്തിച്ചേർന്നത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, തുർക്കി, ബൾഗേറിയ, സെർബിയ, ഹംഗറി, ഓസ്ട്രിയ, ലിക്റ്റൻസ്റ്റൈൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ബ്രിട്ടനിൽ ഇവർ എത്തിച്ചേർന്നത്. വിവിധ സംസ്കാരങ്ങളെ അറിയാനും വൈവിധ്യമാർന്ന ഭൂപ്രകൃതി ആസ്വദിക്കാനും യാത്ര നിമിത്തമായതായും ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.