അബൂദബി: തലസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒക്ടോബറിൽ സഞ്ചാരികളെ ആകർഷിക്കാനുള്ള തയാറെടുപ്പാരംഭിച്ചു. ആഗോള വിനോദ സൗകര്യങ്ങളായ ഫെരാരി വേൾഡ്, യാസ് വാട്ടർ വേൾഡ്, വാർണർ ബ്രദേഴ്സ്, ക്ലൈം അബൂദബി എന്നിവയിലേക്ക് സഞ്ചാരികളെ ആകർഷിക്കും. ഇമറാത്തി പൈതൃകവും പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഘടകങ്ങളും ഒത്തിണങ്ങിയ അബൂദബി ജുബൈൽ ദ്വീപിലെ ഹരിത മനോഹരമായ ജുബൈൽ ഖുറം പാർക്കും സഞ്ചാരികൾക്കായി ഒക്ടോബറിൽ തുറക്കും.
ജനുവരിയിലാണ് ജുബൈൽ ഖുറം പാർക്ക് പൊതുജനങ്ങൾക്കായി തുറന്നത്. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ചിൽ അബൂദബിയിലെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. പ്രകൃതി സ്നേഹികളെ ആകർഷിക്കുന്ന കണ്ടൽ കാടുകളും മനോഹാരിതയുമാണ് ഈ പാർക്കിലേക്ക് ഒട്ടേറെ സഞ്ചാരികളെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ചുരുങ്ങിയ സമയത്തിനകം ആകർഷിച്ചത്. ചൂടുകാലം മാറിയതോടെ സുരക്ഷ മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും പ്രാധാന്യം നൽകിയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുക.
കണ്ടൽ കാടുകൾക്കിടയിൽ 2.3 കിലോമീറ്റർ നീളമുള്ള തടിയുടെ നടപ്പാതയിലൂടെ നടന്നു പ്രകൃതി മനോഹാരിത ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയുന്നു. വൈവിധ്യമാർന്ന കായലോര കാഴ്ചകൾക്കൊപ്പം സമുദ്രജീവികളെ കാണാനും കഴിയും. കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യവും അബൂദബിയിലെ സമുദ്ര തീരങ്ങളിൽ വസിക്കുന്ന ജീവികളുടെ ആവാസ വ്യവസ്ഥകളും തെളിഞ്ഞ ജലാശയത്തിൽ കാണാനാകും. കണ്ടൽ കാടുകളിലേക്കുള്ള വൈജ്ഞാനിക സന്ദർശനങ്ങളും പ്രവർത്തനങ്ങളും സന്ദർശകരെ ആകർഷിക്കുമെന്ന് ജുബൈൽ ഐലൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി പ്രവർത്തന മേധാവി റിച്ചാർഡ് റസൽ ചൂണ്ടിക്കാട്ടി. യാസ്-സാദിയത്ത് ദ്വീപുകൾക്കിടയിലാണ് കണ്ടൽ കാടുകളാൽ നിബിഡമായ ജുബൈൽ ദ്വീപ്. പ്രകൃതിസൗന്ദര്യത്തോടൊപ്പം ആഡംബരപ്രേമികളെയും ആകർഷിക്കും. 400 ഹെക്ടറിലധികം കണ്ടൽ കാടുകളും തീരദേശ കാഴ്ചകളുമാണ് പ്രധാന ആകർഷണം.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 22 മിനിറ്റും യാസ് ദ്വീപിൽനിന്ന് 14 മിനിറ്റും അൽ റീം ദ്വീപിൽനിന്ന് 21 മിനിറ്റും ഖാലിദിയയിൽനിന്ന് 24 മിനിറ്റുമാണ് ജുബൈൽ ദ്വീപിലേക്കുള്ള ദൂരം. കണ്ടൽക്കാടുകളിലൂടെ തടി പാതയിലൂടെ ചുറ്റി സഞ്ചരിക്കാമെന്നതാണ് പാർക്കിെൻറ സവിശേഷത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.