അജ്മാന്: ഏഴു വര്‍ഷത്തോളമായി ഏഴംഗ കുടുംബം ചെക്ക് കേസില്‍ പെട്ട് നരകയാതന അനുഭവിക് കുന്നു. വയനാട് മാനന്തവാടി സ്വദേശി ബിനുവും ഭാര്യയും അഞ്ചു കുട്ടികളുമടങ്ങുന്ന ഏഴംഗ കുടുംബമാണ് ചെയ്യാത്ത തെറ്റിെൻറ പേരില്‍ ദുരിതം പേറുന്നത്. കെട്ടിയേൽപിക്കപ്പെട്ട ആരോപണത്തിെൻറ പേരിലാണ് തങ്ങൾ തീ തിന്നുന്നതെന്ന് ബിനു പറയുന്നു.ബിനുവിെൻറ ഭാര്യ ജുനോ ഏഴു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന അജ്മാനിലെ മുംബൈ സ്വദേശിയുടെ സ്വകാര്യ കമ്പനിയിൽനിന്ന് പ്രസവാവധി എടുത്തതിനു പിന്നാലെയാണ് പ്രശ്നങ്ങളുടെ ആരംഭം. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരുന്നതിനാൽ പ്രസവത്തിന് രണ്ടു മാസം മുമ്പ് അവധി എടുക്കൽ നിർബന്ധമായി വന്നു.
പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും ജോലിക്കെത്താൻ ഒാഫിസിൽനിന്ന് നിർദേശം വന്നു. ആരോഗ്യാവസ്ഥ കൊണ്ട് നിർവാഹമില്ലെന്നറിയിച്ചപ്പോൾ രാജി വെക്കണമെന്നായി ആവശ്യം. കുഞ്ഞുങ്ങളുടെ പരിചരണത്തിനും ആരോഗ്യത്തിനുമാണ് ജോലിയേക്കാൾ പരിഗണന നൽകേണ്ടത് എന്ന വിശ്വാസമുള്ളതുകൊണ്ട് ജോലി ഒഴിയാൻ തീരുമാനിച്ചു. അതിൽ പിന്നെ ജോലിക്ക് പോയില്ല.
മൂന്നു മാസം കഴിഞ്ഞ് കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് പോകാൻ കുടുംബം തയാറെടുക്കുന്നതിനിടെ ഒരു സുപ്രഭാതത്തിൽ ഒാഫിസിൽനിന്ന് വിളി വന്നു. കമ്പനിയിൽനിന്ന് 10 ലക്ഷം ദിർഹം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാരിയായിരുന്ന ജുനോയാണ് ഉത്തരവാദിയെന്നും ഉടനെ ഓഫിസില്‍ എത്തണമെന്നുമായിരുന്നു സന്ദേശം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉറപ്പുള്ളതിനാൽ ജുനോ ഓഫിസിലെത്തി മാഡത്തെ കണ്ടു. കമ്പനിയുടെ ഫ്ലാറ്റുകളുടെ വാടകയിനത്തില്‍ ലഭിക്കാനുള്ള പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ജുനോയാണ് പണം മോഷ്ടിച്ചതെന്ന് മറ്റു തൊഴിലാളികള്‍ പറയുന്നുവെന്നുമാണ് മാഡം വിശദീകരിച്ചത്. ജുനോയുടെ പാസ്പോര്‍ട്ട് കമ്പനിയില്‍ ജാമ്യം വെക്കണമെന്നും ആവശ്യപ്പെട്ടു. അടുത്തയാഴ്ച തങ്ങള്‍ക്ക് നാട്ടിലേക്ക് പോയി വരാനുള്ളതാണെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കില്ലെന്നായി മറുപടി. ഗത്യന്തരമില്ലാതെ ജുനോ ഭര്‍ത്താവിെൻറ ഒപ്പിടാത്ത തുകയോ പേരോ എഴുതാത്ത ചെക്ക് ബുക്ക് കമ്പനിയില്‍ ജാമ്യമായി എൽപിച്ചു.
കമ്പനി കണക്കുകള്‍ പരിശോധിച്ച ശേഷം തിരിച്ചു തരും എന്നറിയിച്ചിരുന്നതിനാൽ ചെക്ക് ബുക്ക് നല്കുന്ന വിവരം ജുനോ ഭര്‍ത്താവിനോട് പറഞ്ഞതുമില്ല. ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയി യു.എ.ഇയില്‍ തിരികെയെത്തിയ ശേഷം ജുനോ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ കണക്കുകള്‍ നോക്കി കഴിഞ്ഞില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. ഷാര്‍ജയില്‍ പ്രിൻറിങ് പ്രസ് നടത്തിയിരുന്ന ബിനു കമ്പനി ആവശ്യാർഥം ലോണിനായി ബാങ്കില്‍ ചെന്നപ്പോഴാണ് ഒരു ചെക്ക് മടങ്ങിയ വിവരം അറിയുന്നത്. താന്‍ ചെക്കൊന്നും നല്‍കിയിട്ടില്ലെന്ന് പറഞ്ഞപ്പോഴാണ് ഭാര്യ ജോലി ചെയ്ത സ്ഥാപനമാണ് ചെക്ക് സമര്‍പ്പിച്ചിരിക്കുന്നത് എന്ന് അറിയുന്നത്. ഇതറിഞ്ഞ് ഭാര്യയോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളുടെ ഗതി അറിയുന്നതെന്ന് ബിനു പറയുന്നു.
25,000 ദിര്‍ഹം വീതമുള്ള 40 ചെക്കുകള്‍ കമ്പനിയുടെ പക്കല്‍ ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു. കമ്പനിയിലെ മാഡത്തെ വിളിച്ചപ്പോൾ തന്നോട് സംസാരിക്കേണ്ടെന്നും കമ്പനിയുടെ പി.ആര്.ഒയുമായി ബന്ധപ്പെടാനും നിര്‍ദേശിച്ചു. മറ്റൊരു സുഹൃത്ത് മുഖാന്തരം കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ലക്ഷം ദിര്‍ഹം നല്കിയാല് ചെക്കുകള്‍ തിരികെ നല്‍കാം എന്നായിരുന്നത്രേ മറുപടി. എന്നാല്‍, തുക നല്കാന് ബാധ്യസ്ഥനല്ലാത്തതിനാലും താന്‍ ഒപ്പിടാത്ത ചെക്കായതിനാലും അന്നുതന്നെ മലയാളി വക്കീലുമായി ബന്ധപ്പെടുകയായിരുന്നെന്ന് ജുനോ പറയുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ താന്‍ ഒപ്പിടാത്ത ചെക്കില്‍ നടപടി സ്വീകരിച്ച ബാങ്കിനെതിരെ കേസ് കൊടുക്കാനായിരുന്നു നിർദേശം. അടുത്ത ദിവസം പ്രോസിക്യൂഷനില്‍ എത്തിയപ്പോള്‍ നടന്ന വിവരങ്ങള്‍ അതേപടി വിശദീകരിച്ചു.
ഫോറന്‍സിക് പരിശോധനയില്‍ ചെക്കില്‍ ഒപ്പിട്ടത് ബിനുവാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും ബിനു നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കേസ് അജ്മാന് പൊലീസിലെത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ കേസ് കോടതിയിലാണെന്ന് പൊലീസ് അറിയിച്ചു. പാസ്പോര്‍ട്ട് വാങ്ങിവെച്ച് ഇരുവരെയും വിട്ടു. രണ്ടു മാസത്തിനു ശേഷം ചെക്കില്‍ ഒപ്പിട്ടത് ബിനുവല്ലെന്ന് തെളിയിച്ചുകൊണ്ട് ഫോറന്‍സിക് പരിശോധന ഫലം വന്നു. ഭാര്യയാണോ ഒപ്പിട്ടതെന്ന പരിശോധനയിലും ഫലം വിപരീതമായിരുന്നു.
ഈ ക്രിമിനല്‍ കേസ് കോടതിയില്‍ നടക്കുന്ന സമയത്തുതന്നെ സിവില്‍ കേസും അപ്പുറത്ത് നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, തങ്ങള്‍ ഈ വിവരം അറിയുകയോ വക്കീല്‍ അറിയിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് ബിനു പറയുന്നത്. 10 മാസത്തിനു ശേഷം സിവില്‍ കേസിെൻറ വിധി വരുേമ്പാഴാണ് കാര്യം അറിയുന്നത്. 13 ലക്ഷം ദിര്‍ഹമും പലിശയും ബിനു നൽകണമെന്നായിരുന്നു വിധി. വിധി പകര്‍പ്പ് എടുത്തപ്പോഴാണ് തങ്ങള്‍ അറിയാതെ തങ്ങളുടെ ഒപ്പിട്ട രേഖകൾ കാണുന്നത്. ജുനോ ഇത്രയും പണം എടുത്തുവെന്നും അതിനു ഗാരൻറിയായി ബിനുവിെൻറ പ്രസോ നാട്ടിലെ വസ്തുവോ നല്‍കാം എന്നായിരുന്നു അണ്ടര്ടേക്കന് രേഖകൾ. ഇതിലെ ഒപ്പുകള്‍ തങ്ങളിട്ടതല്ലെന്ന് ഇരുവരും ഉറച്ചുനിന്നു. അണ്ടര്ടേക്കന് രേഖകൾ ഫോറന്‍സിക് പരിശോധനക്ക് വിടണമെന്ന ബിനുവിെൻറ അപേക്ഷ അബൂദബിയിലേക്ക് അയച്ചു.
എന്നാല്‍, അണ്ടര്ടേക്കന് രേഖകള്‍ മുഴുവന്‍ കോപ്പികളായിരുന്നു എതിര്‍കക്ഷി കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഫോറന്‍സിക് പരിശോധന ഫലം വൈകുന്നത് കണ്ട് ബിനു നേരിട്ട് അബൂദബി ഫോറന്‍സിക് വകുപ്പില്‍ പോയി. അവര്‍ പരിശോധിച്ചപ്പോള്‍ അബൂദബി ഫോറന്‍സിക് വകുപ്പിലേക്ക് പോയ ഫയലും കോടതിയില്‍ സമര്‍പ്പിച്ച ഫയലും രണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞതായി ബിനു പറയുന്നു. അജ്മാന് കോടതിയില്‍ വീണ്ടും വന്നപ്പോള്‍ രേഖകളുടെ അസ്സൽ ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെടുകയും ചെയ്തു. ഇതിനു ശേഷം എട്ട് ഹിയറിങ് വെച്ചിട്ടും അസ്സല് പകര്‍പ്പ് ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. ഇന്നുവരെയും ഹാജരാക്കിയിട്ടില്ല. ഏതാനും ആഴ്ച കഴിഞ്ഞപ്പോള്‍ കേസ് വീണ്ടും കോടതിയില്‍ വന്നു. എന്നാല്‍, പഴയ ജഡ്ജിയായിരുന്നില്ല ചേംബറില്‍. അന്നുണ്ടായ വിധിയും പഴയതിെൻറ ആവര്‍ത്തനമായിരുന്നു. പലരുടെയും ഉപദേശത്തെ തുടര്‍ന്ന് മറ്റൊരു വക്കീല്‍ മുഖാന്തരം അപ്പീല്‍ നല്‍കിയെങ്കിലും പുതുതായൊന്നും ഇല്ലെന്നു പറഞ്ഞ് തള്ളുകയായിരുന്നു.
കഴിഞ്ഞ ഏഴുവര്‍ഷമായി ബിനു ഈ കേസിെൻറ ഊരാക്കുടുക്കിലാണ്. ജുനോ നാട്ടില്‍ പോയിട്ട് ഏഴു വര്‍ഷമായി. അഞ്ചിലും രണ്ടിലും ഒന്നിലും പഠിച്ചിരുന്ന മക്കള്‍ ഫീസടക്കാനില്ലാതെ പഠിപ്പ് നിര്‍ത്തി. ഒരു വര്‍ഷത്തോളമായി വീട്ടുവാടക നല്കാന് കഴിയാത്തതിനാലുള്ള ബുദ്ധിമുട്ട് വേറെയും. ഈ പ്രതിസന്ധിയുടെ ഇടയില്‍ ബിനുവിെൻറ പ്രസും പൂട്ടി. മനുഷ്യസ്നേഹികളായ ചിലരുടെ കനിവിലാണ് കഴിഞ്ഞുപോകുന്നത്. എല്ലാവരുടെയും വിസയും തീര്‍ന്നു. ബിനുവിെൻറ പാസ്പോര്‍ട്ട് കാലാവധിയും തീര്‍ന്നു. ദിനവും പുതിയ കുരുക്കുകള്‍ ഓരോന്നായി കയറിവരുകയാണ്. കേസ് ഒന്നുകൂടി ഉയര്ത്തിക്കൊണ്ടുവരാനായാല് നിശ്ചയമായും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് ഇവർ വിശ്വസിക്കുന്നത്. പ്രശ്നങ്ങളെല്ലാം തീർത്ത് പറക്കമുറ്റാത്ത അഞ്ചു മക്കളെയും കൂട്ടി നാടുപിടിക്കണമെന്ന മോഹമുണ്ട്. വാടക ചോദിച്ച് വീട്ടുടമ കയറി വരല്ലേ എന്ന പ്രാര്‍ഥനയോടെ ഓരോ ദിനവും തള്ളിനീക്കുകയാണ് ഈ ഏഴംഗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.