ദുബൈ: ഇംഗ്ലണ്ട് ദേശീയ കബഡി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം പൊന്നാനി സ്വദേശി കെ. മശ്ഹൂദിനെ യു.എ.ഇയിലെ പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ആദരിച്ചു. പൊന്നാനിക്കാരായ പ്രവാസികളും കായിക പ്രേമികളും ഒത്തുചേർന്ന സായാഹ്നത്തിൽ മശ്ഹൂദിനുള്ള ഉപഹാരം സെയ്ദ് മുഹമ്മദ് കൈമാറി.
സ്കൂൾ തലം മുതൽ കബഡിയെ നെഞ്ചേറ്റിയ മശ്ഹൂദ് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ, എം.ഇ.എസ് പൊന്നാനി കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി കബഡി ടീം, കേരള സ്റ്റേറ്റ് ജൂനിയർ ടീം എന്നിവക്കുവേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലണ്ടിലെ നോട്ടിങ് ഹാം കബഡി ടീമിന്റെ ക്യാപ്റ്റനാണ്.
ഈ വർഷം കമ്പോഡിയയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ടൂർണമെന്റിൽ ഇംഗ്ലണ്ടിനു വേണ്ടി കളത്തിലിറങ്ങാൻ തയാറെടുക്കുകയാണ് മശ്ഹൂദ്. ഇംഗ്ലണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു താരമായ പൊന്നാനി സ്വദേശി ഷഹീൻ യാസിറിനും യോഗം അഭിനന്ദനങ്ങൾ അറിയിച്ചു.
ഫ്രണ്ട്സ് പൊന്നാനിക്ക് വേണ്ടി ഇർഷാദ്, നാട്ടുകൂട്ടം പൊന്നാനിക്ക് വേണ്ടി ജാസിർ, ഫിറ്റ്വെൽ പൊന്നാനിക്ക് വേണ്ടി റിയാസ് ബപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രസിഡന്റ് ഹാഫിസലി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ സ്വാഗതവും സുബൈർ അബൂബക്കർ ആശംസയും സാബിർ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി. യൂനുസ് സലീം, ഇക്ബാൽ, അഷ്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.