അബൂദബി: കമല സുരയ്യയുടെ 12ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശക്തി തിയറ്റേഴ്‌സ് അബൂദബി സംഘടിപ്പിച്ച കമല സുരയ്യ കവിത, ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു.
കവിതരചനാ മത്സരത്തില്‍ മലപ്പുറം ഹാജിയാര്‍ പള്ളി സ്വദേശിനി ഷിഫാന സലീമും ചിത്രരചനയില്‍ എറണാകുളം പൊതനിക്കാട് സെൻറ് മേരീസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ബി. കൃഷ്ണയും ഒന്നാം സമ്മാനാര്‍ഹരായി.
കമല സുരയ്യയെ വിഷയമാക്കിയാണ് കവിതരചന മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ സുനില്‍ മാടമ്പി (അബൂദബി) രണ്ടാം സ്ഥാനവും ഹുസ്‌ന റാഫി (അബൂദബി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കവികളായ പി. ശിവപ്രസാദ്, രാജേഷ് അത്തിക്കയം, സോണിയ ഷിനോയ് എന്നിവരായിരുന്നു വിധികർത്താക്കൾ. ചിത്രരചന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ പത്തനംതിട്ട അടൂര്‍ ആള്‍ സെയിൻറ്സ് പബ്ലിക് സ്‌കൂളിലെ ആര്‍. ഋതുനന്ദ രണ്ടാം സ്ഥാനത്തിനും അബൂദബി ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിനി ലിയ ഷാജി മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. സീനിയര്‍ വിഭാഗത്തില്‍ മത്സരത്തിന് പരിഗണിക്കത്തക്ക സൃഷ്ടികള്‍ ലഭിച്ചില്ല.
കമല സുരയ്യയെ അനുസ്മരിച്ച് ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച നീര്‍മാതളപ്പൂക്കള്‍ എന്ന പരിപാടിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിച്ചത്. കഥാകാരി ഇന്ദുമേനോന്‍ ഓണ്‍ലൈന്‍ വഴി നീര്‍മാതളപ്പൂക്കള്‍ ഉദ്ഘാടനം ചെയ്തു. പ്രീതി നാരായണന്‍ കമലസുരയ്യ അനുസ്മരണ പ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡൻറ് ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ശക്തി ബാലസംഘം പ്രസിഡൻറ് യാസിദ് അബ്ദുല്‍ ഗഫൂര്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും സാഹിത്യവിഭാഗം അസി. സെക്രട്ടറി ബിജു തുണ്ടില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.