ദുബൈ: ഇതുപോലൊരു ആഗസ്റ്റ് ഏഴിനായിരുന്നു യു.എ.ഇയെയും കേരളത്തെയും നടുക്കി എയർ ഇന്ത്യ വിമാനം ദുരന്തത്തിലേക്ക് ലാൻഡ് ചെയ്തത്. ദുബൈയിൽ നിന്ന് പറന്നുയർന്ന വന്ദേഭാരത് വിമാനം കരിപ്പൂർ വിമാനത്താവളത്തിലെ 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ക്യാപ്റ്റനും സഹ പൈലറ്റും ഉൾപ്പെടെ 21 ജീവനാണ് പൊലിഞ്ഞത്.
ഇന്ത്യൻ സമയം രാത്രി 7.41ന് അപകട വിവരങ്ങൾ പുറത്തുവന്നുതുടങ്ങിയപ്പോൾ വൻദുരന്തമാണെന്ന് ആരും കരുതിയിരുന്നില്ല. വിമാനം റൺവേയിൽനിന്ന് തെന്നിമാറി എന്നായിരുന്നു ആദ്യം കരുതിയത്. ഓടിയെത്തിയവർ കണ്ടത് രണ്ടായി പിളർന്ന വിമാനമാണ്. ചെറിയ അപകടമുണ്ടായാൽ പോലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വിമാനം വൻ അപകടത്തിലും പൊട്ടിത്തെറിക്കാത്തതിന് കേരളം ദൈവത്തോടു നന്ദി പറഞ്ഞ ദിനങ്ങളായിരുന്നു അത്. കേരളം മഴക്കെടുതിയിൽ വിറങ്ങലിച്ച സമയത്തായിരുന്നു ഈ അപകടവും. തൊട്ടടുത്ത ദിവസമാണ് പുത്തുമലയിലും കവളപ്പാറയിലും വൻ ഉരുൾപൊട്ടൽ. കോവിഡ് വകവെക്കാതെ കേരളമൊന്നടങ്കം രക്ഷാപ്രവർത്തനത്തിനിറങ്ങിയത് ലോകത്തിന് മാതൃകയായിരുന്നു.
വിമാന മുൻഭാഗം വിമാനത്താവള ചുറ്റുമതിലിൽ ഇടിച്ചാണ് നിന്നത്. 174 മുതിർന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നാല് കുട്ടികളും എട്ട് സ്ത്രീകളും ഒമ്പത് പുരുഷന്മാരും മരിച്ചു. ഇവരിൽ 10 പേർ കോഴിക്കോട്, ആറുപേർ മലപ്പുറം, രണ്ടുപേർ പാലക്കാട്, ഒരാൾ വയനാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
ചികിത്സ തുടരുന്നവരും അപകടമുണ്ടാക്കിയ ആഘാതത്തിൽനിന്ന് കരകയറാൻ സാധിക്കാത്തവരും ഇപ്പോഴുമുണ്ട്്്. ഉറ്റവരെ നഷ്ടപ്പെട്ടവർ മാനസിക ആഘാതത്തിൽ നിന്ന് കരകയറിയിട്ടില്ല. പരിക്കേറ്റവരിൽ കട്ടിലിൽ തന്നെ തുടരുന്നവരുമുണ്ട്.
അപകടം നടന്ന് ഒരു വർഷമായിട്ടും അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇൻഷുറൻസ് കമ്പനിയുടെ നഷ്ടപരിഹാരം ലഭിച്ചത് വളരെ കുറച്ചു പേർക്കാണ്. അതും അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല. ബാക്കിയുള്ളവർ വിവിധ കോടതികളിൽ കേസ് നടത്തുന്നുണ്ട്.
യു.എ.ഇയിലുള്ളവർ ദുബൈയിൽ സെറ്റിൽമെൻറ് ശ്രമത്തിലാണ്. ഇത് വിജയിക്കാത്തപക്ഷം യു.എസ് കോടതിയെ സമീപിക്കാനാണ് തീരുമാനം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തുകയിൽനിന്ന് ഒരു രൂപ പോലും നൽകിയിട്ടില്ല.
സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്തു ലക്ഷം വീതം നൽകി. എന്നാൽ, ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും ചെറിയ പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും നൽകിയിട്ടില്ല.ദുരന്തത്തിെൻറ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി പരിക്കേറ്റവർ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്.
ദുബൈ: പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും ശനിയാഴ്ച കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലത്തുതന്നെയാണ് ഇവർ സംഗമിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി അടക്കമുള്ളവർ ഓൺലൈനായും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.