ദുബൈ: കരിപ്പൂർ വിമാനദുരന്തത്തിന് ഒരാണ്ട് പിന്നിടുമ്പോൾ അപകടത്തിൽ മരിച്ച ഷറഫുദ്ദീൻ ഏൽപിച്ചുപോയ ദൗത്യം മുറതെറ്റാതെ നിറവേറ്റുകയാണ് ഷാർജയിൽ റസ്റ്റാറൻറ് നടത്തുന്ന സുഹൃത്ത് ഷാഫി പറക്കുളം.
ഇല്ലാത്തവരുടെ വിശപ്പകറ്റാൻ തന്നെകൊണ്ട് ആവുന്നതെല്ലാം ചെയ്യണമെന്ന ദൃഢനിശ്ചയം പൂർത്തിയാക്കാനാവാതെയാണ് കോഴിക്കോട് കുന്ദമംഗലം പിലാശ്ശേരി സ്വദേശി ഷറഫുദ്ദീൻ മരണത്തിലേക്ക് വിമാനം കയറിയത്. യു.എ.ഇ യിൽ കോവിഡ് മഹാമാരി വ്യാപകമായ സമയത്ത് പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ സുഹൃത്തുക്കളോടൊപ്പം ഓടിനടന്നിരുന്ന ഷറഫുദ്ദീനെ സന്ദർശക വിസയിലെത്തിയ ഭാര്യയെയും മകളെയും നാട്ടിലെത്തിക്കാനുള്ള യാത്രക്കിടെയാണ് വിമാനദുരന്തമായി മരണം കവർന്നത്.
അപകടം നടന്ന ദിവസം രാവിലെ ഭക്ഷണവിതരണത്തിനുള്ള പണം ഷാഫിയെ ഏൽപിച്ച് യാത്ര പറഞ്ഞിറങ്ങിയതാണ് ഷറഫുദ്ദീൻ. സുഹൃത്തിെൻറ വേർപാട് വേദനനായി മനസ്സിൽ എരിയുമ്പോഴും ഒന്നാം ഓർമദിനത്തിൽ ബുദ്ധിമുട്ടുന്നവന് ഒരു നേരത്തെ ഭക്ഷണം നൽകി സുഹൃത്തിനോടുള്ള കടമ നിറവേറ്റിയിരിക്കുന്നു പാലക്കാട് തൃത്താല പറക്കുളം സ്വദേശി ഷാഫി. ആ പുണ്യപ്രവൃത്തി അവനോടുള്ള ദൗത്യനിർവഹണം കൂടിയാണെന്ന് ഷാഫി പറയുന്നു.
ഷാർജ ദൈദ് ഫയർ സ്റ്റേഷന് സമീപം റസ്റ്റാറൻറ് നടത്തുകയാണ് ഷാഫി. തൊട്ടടുത്ത സിക്സ് ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരുകയായിരുന്നു ഷറഫുദ്ദീൻ. ദിവസവും റസ്റ്റാറൻറിൽ വരാറുണ്ട്. അപകടം സംഭവിച്ച ദിവസം പുലർച്ചെ റസ്റ്റാറൻറ് തുറന്ന ഉടൻ ആദ്യം വന്നത് ഷറഫുദ്ദീൻ ആയിരുന്നെന്നത് ഷാഫി ഓർക്കുന്നു. ഭക്ഷണം കഴിക്കാനായിരിക്കുമെന്നാണ് കരുതിയത്.
നാട്ടിലേക്ക് പോകുന്ന വിവരം പറഞ്ഞ അദ്ദേഹം വന്നിട്ട് കാണാമെന്ന് പറഞ്ഞ് കൈയിൽ കരുതിയ തുക ഏൽപിക്കുകയായിരുന്നു. ഇവിടെ കുടുങ്ങിക്കിടക്കുന്നവർക്കും ബുദ്ധിമുട്ടുന്നവർക്കും ജോലി ഇല്ലാത്തവർക്കും ഭക്ഷണം നൽകാൻ ഈ പണം ഉപയോഗിക്കണമെന്നും തിരിച്ചുവന്നാൽ കൂടെ പ്രവർത്തിക്കാൻ താനുമുണ്ടാകുമെന്ന് പറഞ്ഞതും ഷാഫി ഓർക്കുന്നു. യാത്ര പറയുന്നതിനിടെ ഷറഫുദ്ദീനെ അസ്വസ്ഥനായാണ് കണ്ടത്. പൊതുവെ ഏറെ സംസാരിക്കാറുള്ള ഷറഫുദ്ദീൻ അന്ന് കൂടുതലൊന്നും സംസാരിച്ചില്ല. കുടുംബത്തിന് കഴിക്കാനുള്ള ഭക്ഷണവും വാങ്ങിയാണ് തിരിച്ചത്. പിന്നെ മരണവിവരമാണ് കേട്ടത്.
ഷറഫുദ്ദീെൻറ നന്മ വിവരിച്ച് ഷാഫി അന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഏവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ലേബർ ക്യാമ്പുകളിലും മറ്റും അർഹതപ്പെട്ടവർക്ക് ഭക്ഷണം എത്തിച്ചുനൽകിയാണ് ഷാഫി അന്ന് സുഹൃത്തിെൻറ ആഗ്രഹം നിറവേറ്റിയത്. ഓർമദിനമായ ശനിയാഴ്ച ഷറഫുവിന് വേണ്ടി ഷാഫിയും സുഹൃത്തുക്കളും ഭക്ഷണവിതരണം നടത്തി. ഷറഫുവിെൻറ മാതാപിതാക്കളും കൂടെ ജോലി ചെയ്തിരുന്നവരും ശനിയാഴ്ചത്തെ ഭക്ഷണ വിതരണത്തിലേക്ക് തുക നൽകി ഭാഗഭാക്കായതായി ഷാഫി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
പ്രവാസി ഗായകൻ കൂടിയായ ഷാഫി പറക്കുളം സുഹൃത്തിെൻറ ഓർമക്കായി പാടിയ പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമായിട്ടുണ്ട്. മുസ്തഫ താനൂരാണ് വരികളെഴുതിയത്. അപകടത്തിൽ ഷറഫുദ്ദീെൻറ ഭാര്യ അമീന ഷെറിനും മകൾ ഫാത്തിമ ഇസക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.